നേമം: കുട്ടികര്ഷകന് പഠനത്തിനൊപ്പം കാര്‍ഷിക വിജയം. എട്ടാം ക്ലാസുകാരന് നേടിയെടുത്തത് സംസ്ഥാനത്തെ മികച്ച വിദ്യാര്‍ഥി കര്‍ഷക പ്രതിഭാ പുരസ്കാരം. പള്ളിച്ചല്‍ നരുവാമൂട് ചിന്മയ വിദ്യായത്തിലെ അമര്‍നാഥാണ് (13) പുരസ്കാരം നേടിയത്. നേമം ഇടയ്ക്കോട് മണ്ണാംവിള നന്ദനം വീട്ടില്‍ അജിത്ത്കുമാര്‍-പ്രിയ ദമ്പതികളുടെ മകനാണ് അമര്‍നാഥ്. മുത്തച്ഛന് റിട്ട. കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥന് മോഹനന്‍കുട്ടി നായര്‍ വഴിയാണ് അമര്‍നാഥിന് കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുകിട്ടിയത്. 50 സെൻറ് പുരയിടത്തിലും വീടിെൻറ മട്ടുപ്പാവിലും ജൈവകൃഷിയിലൂടെ അവന് വിളയിച്ചത് നൂറുമേനി.
50 ഓളം ഇനം പച്ചക്കറികള്‍ അമര്നാഥിെൻറ കൃഷിയിടത്തിലുണ്ട്. സ്കൂള്‍ ഉണ്ടായിരുന്നപ്പോള്‍ അമര്‍നാഥ് രാവിലെയും അവധി ദിവസങ്ങളിലുമാണ് കൃഷിക്കിറങ്ങുന്നത്. പേരക്കുട്ടിയുടെ കാര്‍ഷിക ശീലത്തിന് പിന്തുണയുമായി മുത്തച്ഛനും ഒപ്പം കൂടും. വളമിടുന്നതിനും വിളകള്‍ പരിപാലിക്കുന്നതിനും അമര്‍നാഥിന് പ്രത്യേക താൽപര്യമുണ്ടായിരുന്നതായി നേമത്ത് മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന അച്ഛന് അജിത്ത് കുമാര്‍. പഠനത്തിലും കൃഷികാര്യങ്ങളിലും മാത്രമല്ല, ആയോധന കലയിലും അമര്‍നാഥ് ഒന്നാമനാണ്.
കളരിയില്‍ സംസ്ഥാന ചാമ്പ്യനാണ് ഈ കുട്ടിക്കര്ഷകന്. സ്കൂളിലും കൃഷിക്ക് നേതൃത്വം കൊടുക്കുന്നത് അമര്‍നാഥാണ്. മറ്റ് കുട്ടികള്‍ക്ക് പ്രചോദനമാകാന്‍ കുറച്ചുനാള്‍ മുമ്പ് സ്കൂള്‍ അധികൃതര്‍ അമര്നാഥിെൻറ കൃഷിയിടം കാണാന്‍ മറ്റ് വിദ്യാര്‍ഥികളുമായി വീട്ടിലെത്തിയിരുന്നു. ചീര, വെണ്ട, തക്കാളി, കാബേജ് തുടങ്ങി ക്വാളിഫ്ലവര്‍ വരെ കൃഷി ചെയ്യുന്ന ഈ കുടുംബം വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ എടുത്ത് കഴിഞ്ഞാല്‍ ബാക്കിയുള്ളവ വില്പന നടത്തി വരുമാനമുണ്ടാക്കുന്നു.
വീട്ടുമുറ്റത്തെ ഇത്തിരിയിടത്തില്‍ മനസ്സുെവച്ചാല്‍ ആര്‍ക്കും പൊന്നു വിളയിക്കാമെന്ന സന്ദേശമാണ് അമര്‍നാഥ് നല്‍കുന്നത്. ചിന്മയ സ്കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ഥിനി അമൃതയാണ് സഹോദരി. കൃഷിയെ സ്നേഹിച്ച് കൃഷിയറിവുകള്‍ നേടി മുന്നോട്ടുപോകുന്ന ഈ കുട്ടിക്കര്ഷകന് കൃഷി ജീവശ്വാസവുമാണ്.