ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരനായ ഡ്രൈവർ രക്ഷകനായി
text_fieldsപി. വില്യംകുമാർ
നേമം: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രിച്ച് യാത്രക്കാരനായ വെള്ളനാട് ഡിപ്പോയിലെ ഡ്രൈവർ പി. വില്യംകുമാർ. ബുധനാഴ്ച വൈകീട്ട് കിഴക്കേകോട്ടയിൽനിന്ന് പുളിയറക്കോണം വഴി ആര്യനാട് ഭാഗത്തേക്ക് പോകുകയായിരുന്ന വെള്ളനാട് ഡിപ്പോയിലെ ബസിലാണ് സംഭവം. ആറരയോടെ ബസ് പുളിയറക്കോണം ഭാഗത്ത് എത്തിയപ്പോൾ കണ്ടക്ടർ ബെല്ലടിച്ചു. എന്നാൽ, ഡ്രൈവർ ബസ് നിർത്തിയില്ല. ഡ്രൈവറുടെ സീറ്റിന് സമീപം ഇരിക്കുകയായിരുന്ന വില്യംകുമാറിന് സംശയം തോന്നി.
തുടർന്ന് ഡ്രൈവറുടെ അടുത്തേക്ക് പോയി നോക്കിയപ്പോഴാണ് ഡ്രൈവർ ജയകുമാർ അവശനാണെന്ന് കണ്ടത്. ഉടൻതന്നെ വില്യംകുമാർ ഡ്രൈവറുടെ ക്യാബിനിൽ കയറി ബ്രേക്ക് ചവിട്ടി ബസ് നിർത്തി. പതിനഞ്ചോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ജയകുമാറിനെ വെള്ളനാട് ആശുപത്രിയിൽ കൊണ്ടുപോയതും ഇതേ ബസിലാണ്. ഇദ്ദേഹംതന്നെയാണ് പുളിയറക്കോണത്തുനിന്ന് വെള്ളനാടുവരെ വാഹനം ഓടിച്ചതും.

