കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ
text_fieldsമുഹമ്മദ് ഷെഹീൻ
നെടുമങ്ങാട്: നട്ടുവളർത്തിയ കഞ്ചാവ് ചെടികളുമായി യുവാവ് പിടിയിൽ. പനവൂർ കരിക്കുഴി മാൻകുഴി വീട്ടിൽ മുഹമ്മദ് ഷെഹീൻ (23) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇവിടെ വീട്ടിൽ ഒറ്റക്ക് താമസം തുടങ്ങിയിട്ട് രണ്ടുമാസമായി. അയൽക്കാരുമായി അടുപ്പമുണ്ടായിരുന്നില്ല.
രാത്രികാലങ്ങളിൽ ചെറുപ്പക്കാർ വീട്ടിൽ വന്നുപോകുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺനാരായണിനെ അറിയിക്കുകയായിരുന്നു. ഡാൻസാഫ് ടീം നടത്തിയ രഹസ്യാന്വേഷണത്തിൽ വീട്ടിൽ ചെറുപ്പക്കാരൊത്തുകൂടി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി മനസ്സിലാക്കി.
തുടർന്നാണ് നെടുമങ്ങാട് പൊലീസും ഡാൻസാഫ് ടീമും ചേർന്ന് വീട്ടിൽ പരിശോധന നടത്തിയത്. പോളിത്തീൻ കവറിൽ നട്ടുവളർത്തിയ അഞ്ച് കഞ്ചാവ് ചെടിയും കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ആധുനിക ഉപകരണവും കണ്ടെത്തി. രണ്ട് അടി ഉയരമുള്ളതാണ് പിടികൂടിയ കഞ്ചാവ് ചെടികൾ. കുറച്ചുനാൾ മുമ്പ് പ്രതിയെ ബൈക്കിൽ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരെത്തി കഞ്ചാവുചെടിയാണെന്ന് ഉറപ്പുവരുത്തിയശേഷമാണ് പൊലീസ് നടപടി പൂർത്തിയാക്കിയത്.

