വെഞ്ഞാറമൂട് മേൽപാലം സാധ്യമാക്കും -മന്ത്രി റിയാസ്
text_fieldsനവീകരിച്ച ചുള്ളിമാനൂർ-പനയമുട്ടം റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
നെടുമങ്ങാട്: വെഞ്ഞാറമൂട് മേല്‍പാലം സാധ്യമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആധുനിക രീതിയില്‍ നവീകരിച്ച ചുള്ളിമാനൂര്‍-പനയമുട്ടം, പേരയം - ചെല്ലഞ്ചി റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ ചിറത്തലയ്ക്കല്‍-മുടവൂര്‍ റോഡ് നവീകരണത്തില്‍ വീഴ്ചയുണ്ടായെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തിയതായി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കോതകുളങ്ങര ജങ്ഷനില്‍ നടന്ന ചടങ്ങില്‍ ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷതവഹിച്ചു. ചുള്ളിമാനൂര്‍-പനയമുട്ടം റോഡിന്റെ രണ്ടാം റീച്ചിനായി 1.5 കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
വാമനപുരം നിയോജകമണ്ഡലത്തിലെ പ്രധാന ജില്ല റോഡുകളായ പേരയം-ചെല്ലഞ്ചി, ചുള്ളിമാനൂര്‍-പനയമുട്ടം റോഡുകള്‍ ബി.എം, ബി.സി നിലവാരത്തില്‍ ആധുനിക രീതിയിലാണ് നവീകരിച്ചത്.
പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മിനി, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. സുനിത, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിച്ചു.

