സ്കൂൾ കവാടത്തിൽനിന്ന് ജി. കാർത്തികേയന്റെ പേര് ഒഴിവാക്കിയതിൽ വ്യാപക പ്രതിഷേധം
text_fieldsവെള്ളനാട് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ജി. കാർത്തികേയന്റെ പേര് ഒഴിവാക്കി ജില്ല പഞ്ചായത്ത് സ്ഥാപിച്ച കവാടം. പിറകിലെ പഴയ കെട്ടിടത്തിൽ ജി. കാർത്തികേയൻ സ്മാരക ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്ന് എഴുതിയിരിക്കുന്നതും കാണാം
നെടുമങ്ങാട്: വെള്ളനാട് ജി. കാർത്തികേയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കവാടത്തിൽനിന്ന് മുൻ സ്പീക്കർ ജി. കാർത്തികേയന്റെ പേര് ഒഴിവാക്കിയതിൽ പ്രതിഷേധം. ജില്ല പഞ്ചായത്ത് എട്ടു ലക്ഷം രൂപ മുടക്കി പുതുതായി നിർമിച്ച കവാടത്തിലാണ് ജി. കാർത്തികേയന്റെ പേര് ഒഴിവാക്കിയത്.
കവാടത്തിൽ ജില്ല പഞ്ചായത്ത് ഗവ. വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ എന്നാണ് എഴുതിയിരിക്കുന്നത്. ഇതിന്റെ പിന്നിലുള്ള പഴയ കെട്ടിടത്തിൽ ഇപ്പോഴും ജി. കാർത്തികേയൻ സ്മാരക സ്കൂൾ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തിയപ്പോൾ സ്കൂളിൽ പുതിയ മന്ദിരം വേണമെന്ന് സ്ഥലം എം.എൽ.എ കൂടിയായ ജി. കാർത്തികേയൻ അന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
മന്ദിരം പൂർത്തിയായപ്പോൾ ജി. കാർത്തികേയൻ അസുഖബാധിതനായി മരണപ്പെട്ടു. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവേളയിലാണ് സ്കൂളിന് ജി. കാർത്തികേയൻ സ്മാരക ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്ന് പേര് നൽകുമെന്ന് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം നടത്തിയതല്ലാതെ ഇത് സംബന്ധിച്ച രേഖകളൊന്നും ലഭിച്ചിട്ടില്ലെന്ന് പി.ടി.എ പ്രസിഡൻറ് ശോഭൻ കുമാർ പറഞ്ഞു. സ്കൂളിന്റെ പേര് മാറ്റി അറിയിപ്പ് ലഭിച്ചാൽ ബോർഡ് വെക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.