കുട്ടിയെ തട്ടാനെന്ന് സംശയിച്ച് നാട്ടുകാർ പിടികൂടിയ സ്ത്രീയെ പൊലീസ് വിട്ടയച്ചു
text_fieldsനെടുമങ്ങാട്: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയെന്ന സംശയത്തിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച സ്ത്രീ മാനസികാസ്വാസ്ഥ്യമുള്ള ഭിക്ഷാടകയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചു.
കരകുളത്ത് നിന്ന് ഞായറാഴ്ച രാവിലെ സംശയകരമായ സാഹചര്യത്തിൽ പിടികൂടിയ 50 കാരിയായ മലയിൻകീഴ് സ്വദേശിനിയെയാണ് നെടുമങ്ങാട് പൊലീസ് വിട്ടയച്ചത്.
മലയിൻകീഴ് സ്റ്റേഷനിൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണെന്നും കിടപ്പിലായ മാതാവിനെ പരിചരിക്കാനാണ് ഭിക്ഷാടനം നടത്തുന്നതെന്നും നെടുമങ്ങാട് പൊലീസ് അറിയിച്ചു. ഒരു വീടിന് മുന്നിൽ ഭിക്ഷതേടി എത്തിയ സ്ത്രീയുടെ ചിത്രം വാട്സ്ആപ്പിലുണ്ടായിരുന്നു. ഇതാണ് നാട്ടുകാരിൽ സംശയത്തിന് ഇടവരുത്തിയത്.

