മധ്യവയസ്കയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsനെടുമങ്ങാട്: മധ്യവയസ്കയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. നെടുമങ്ങാട് മഞ്ച നെല്ലിപ്പാറ പേരുമല പുത്തൻവീട്ടിൽ മുഹമ്മദ് ഷാഫി (43)യെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് 5.30ഓടുകൂടി നെടുമങ്ങാട് കല്ലിംഗലിലെ കടയിൽ മാസ്ക്ക് വാങ്ങാനെന്ന വ്യാജേന എത്തിയ ഷാഫി കട നടത്തിപ്പുകാരിയായ മധ്യവയസ്കയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് പിടിയിലായത്. ബഹളം കേട്ട് എത്തിയ അടുത്ത കടക്കാരനെ ഇയാൾ കൈയിലുണ്ടായിരുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തി. ആളുകൾ കൂടുന്നത് കണ്ട് മദ്യവിൽപ്പനശാലയിലേക്ക് പോകുകയും ചെയ്തു.
സംഭവമറിഞ്ഞ് എത്തിയ നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപി ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കത്തിവീശലിൽ കൈവിരലിന് പരിക്കേറ്റു. പൊലീസുകാർ ചേർന്ന് ഇയാളെ കീഴ്പെടുത്തുകയായിരുന്നു. സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ഇയാൾക്കെതിരെ നേരത്തേയും നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

