വെള്ളനാടിനെ ഒപ്പംനിർത്താൻ മുന്നണികൾ
text_fieldsഎൽ.പി.മായാദേവി(എൽ. ഡി. എഫ്), എസ്.ഇന്ദുലേഖ (യു. ഡി. എഫ്), വിജി ബൈജു(ബി. ജെ. പി)
നെടുമങ്ങാട്: കൂറുമാറ്റവും രാജിയും ഉപതെരെഞ്ഞെടുപ്പും എല്ലാമായി കഴിഞ്ഞ തവണ ജില്ലയിൽ ശ്രദ്ധേയമായ ജില്ല പഞ്ചായത്ത് വെള്ളനാട് ഡിവിഷനിൽ ഇത്തവണ ശക്തമായ വനിത പോരാട്ടമാണ്. നിലനിർത്താനും പിടിച്ചെടുക്കാനുമായി അരയുംതലയും മുറുക്കി വാശിയേറിയ പ്രചാരണത്തിലാണ് മുന്നണികൾ. ഇടത്-വലത് മുന്നണികളെ മാറിമാറി വരിച്ചിട്ടുള്ള വെള്ളനാട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വെള്ളനാട് ശശിയെയാണ് വിജയിപ്പിച്ചത്. ഒടുവിൽ ശശി കൂറുമാറി സി.പി.എമ്മിൽ ചേരുകയും ജില്ല പഞ്ചായത്ത് അംഗത്വം രാജിവെക്കുകയും ചെയ്തു. തുടർന്ന് നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വേണ്ടി ശശി തന്നെ മത്സരിക്കുകയും വിജയിച്ച് വെള്ളനാടിനെ എൽ.ഡി.എഫിന് ഒപ്പമാക്കുകയും ചെയ്തു.
കോൺഗ്രസിൽ നിന്നും പിടിച്ചെടുത്ത സീറ്റ് നിലനിർത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. എന്നാൽ കൈവിട്ടുപോയ ഡിവിഷൻ തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ്. നിലമെച്ചപ്പെടുത്തി ജില്ല പഞ്ചായത്തിലെത്താനുള്ള ഓട്ടത്തിലാണ് ബിജെപി. വെള്ളനാട്, അരുവിക്കര ഗ്രാമപ്പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കൊണ്ണിയൂർ, ഉണ്ടപ്പാറ, ആലമുക്ക്, പൊന്നെടുത്തകുഴി വാർഡുകളും കരകുളം ഗ്രാമപഞ്ചായത്തിലെ കാച്ചാണി, തറട്ട വർഡുകളും ഉൾപ്പെടുന്നതാണ് വെള്ളനാട് ഡിവിഷൻ.2015-ൽ ജില്ല പഞ്ചായത്ത് വെള്ളനാട് ഡിവിഷനിൽ കന്നിയങ്കത്തിനിറങ്ങി വിജയിച്ച സി.പി.എമ്മിലെ എൽ.പി. മായാദേവിയാണ് ഇത്തവണത്തെ എൽ.ഡി.എഫ് സ്ഥാനാർഥി.
വെള്ളനാട് ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു. നിലവിൽ സി.പി.എം വെള്ളനാട് ലോക്കൽ കമ്മിറ്റി അംഗമായും ജനാധിപത്യ മഹിള അസോസിയേഷൻ വിളപ്പിൽ ഏരിയ കമ്മിറ്റി വൈസ് പ്രസിഡൻറായും പ്രവർത്തിക്കുന്നു.യു.ഡി.എഫ് സ്ഥാനാർഥിയായി രംഗത്തുള്ളത് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.ഇന്ദുലേഖയാണ്. മൂന്നുപതിറ്റാണ്ടായി പൊതുപ്രവർത്തനരംഗത്ത് സജീവമായി നിൽക്കുന്ന ഇന്ദുലേഖ നിലവിൽ മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയാണ്.
2010-15 കാലയളവിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.എൻ.ഡി.എക്ക് വേണ്ടി ബി.ജെ.പിയിലെ വിജി ബൈജുവാണ് സ്ഥാനാർഥി. നെടുമങ്ങാട് ബ്ലോക്കിലെ ചെറിയകൊണ്ണി ഡിവിഷൻ ബിജെപി സ്ഥാനർഥിയായി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. മഹിളാമോർച്ച അരുവിക്കര നിയോജക മണ്ഡലം പ്രസിഡൻറായ വിജി നിലവിൽ ബി.ജെ.പി അരുവിക്കര മണ്ഡലം പ്രസിഡൻറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

