വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
text_fieldsനെടുമങ്ങാട്: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. നെടുമങ്ങാട് കുളപ്പട സ്വദേശിനിയായ 30 കാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച രാവിലെ 6.45നാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്തിനെതുടർന്ന് വീട്ടുകാർ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി.
തുടർന്ന് കൺട്രോൾറൂമിൽനിന്ന് അത്യാഹിത സന്ദേശം നെടുമങ്ങാട് ജില്ല ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് സന്തോഷ് കുമാർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിനു. വി എന്നിവർ ഉടൻ സ്ഥലത്തെത്തി. തുടർന്ന് വിനു അമ്മയും കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി ഇരുവർക്കും പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഇരുവരെയും ആംബുലൻസ് പൈലറ്റ് സന്തോഷ് കുമാർ നെടുമങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

