പരിയാരത്തെ തോട്ടിൽ സെപ്റ്റിക് മാലിന്യം തള്ളി
text_fieldsപരിയാരത്ത് തോട്ടിൽ
ടാങ്കറിൽ സെപ്റ്റിക് മാലിന്യം തള്ളിയനിലയിൽ
നെടുമങ്ങാട്: പരിയാരത്ത് തോട്ടിൽ ടാങ്കറിൽ സെപ്റ്റിക് മാലിന്യം തള്ളി. വട്ടപ്പാറ മെയിൻ റോഡിൽ പരിയാരം തോട്ടുമുക്കിലേക്ക് തിരിയുന്ന ഭാഗത്തെ തോട്ടിലാണ് കക്കൂസ് മാലിന്യം തള്ളിയത്. തോട്ടിലെ വെള്ളം കറുത്ത് മീനുകൾ ചത്ത് പൊങ്ങി. പരിയാരത്തുനിന്ന് തോട്ടുമുക്കിലേക്ക് പോകുന്ന തോട്ടിൽനിന്നു നിത്യോപയോഗ ആവശ്യങ്ങൾക്കായി വെള്ളം ശേഖരിക്കുന്നത് നിരവധി താമസക്കാരാണ്.
പരിയാരം പുനരധിവാസ കോളനി, തച്ചരുകോണം, പരിയാരം പ്രദേശത്തെ താമസക്കാർ തുണികഴുകാനും കുളിക്കാനും കൃഷി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന തോടാണിത്. കൂടാതെ, വേനൽക്കാലത്ത് തോടിനോട് ചേർന്ന് കുളം കുഴിച്ച് അതിൽ നിന്നുള്ള വെള്ളം ശേഖരിച്ചാണ് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത്.
ഇവിടം കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണെന്നും നഗരസഭയുടെ നേതൃത്വത്തിൽ സി.സി ടി.വി കാമറ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.നെടുമങ്ങാട് നഗരസഭയിൽ അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗം ജീവനക്കാർ എത്തി വെള്ളം പമ്പ് ചെയ്തും ബ്ലീച്ചിങ് പൗഡർ വിതറിയും മാലിന്യം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചു. താൽക്കാലികമായി വാട്ടർ അതോറിറ്റിയുടെ 5000 ലിറ്റർ ടാങ്കറിൽ കുടിവെള്ളവും എത്തിച്ചു.

