മലയോര മേഖലകളിൽ ശക്തമായ മഴ; ചെങ്കോട്ട സംസ്ഥാന പാത വെള്ളത്തിൽ
text_fieldsകനത്ത മഴയിൽ തിരുവനന്തപുരം- ചെങ്കോട്ട സംസ്ഥാന പാതയിൽ വെള്ളം കയറിയപ്പോൾ
നെടുമങ്ങാട്: ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴയെതുടർന്ന് തിരുവന്തപുരം- ചെങ്കോട്ട സംസ്ഥാനപാതയിൽ വെള്ളക്കെട്ട്. ചുള്ളിമാനൂർമുതൽ പാലോട് വരെയുള്ള ഭാഗത്താണ് റോഡിൽ വെള്ളം കയറിയത്. ചൊവ്വാഴ്ച ഉച്ചക്കുശേഷം മഴ നിർത്താതെ പെയ്തതോടെയാണ് റോഡിൽ വെള്ളം കയറിയത്.
കുറുപുഴ, താന്നിമൂട് ഭാഗങ്ങളിൽ റോഡിന് സമാന്തരമായി ഒഴുകുന്ന തോട് നിറഞ്ഞു കവിഞ്ഞാണ് റോഡിൽ വെള്ളം കയറിയത്. ഇളവട്ടം-കുറുപുഴ മേഖലയിലെ റോഡ് പൂർണമായും വെള്ളത്തിനടിയിലായി.
ഒഴുക്കുള്ള വെള്ളക്കെട്ട് രൂപപ്പെട്ടതുകൊണ്ടുതന്നെ അപകടസാധ്യത കണക്കിലെടുത്ത് വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചുവിടുകയായിരുന്നു. കനത്ത മഴയിൽ ഈ പ്രദേശങ്ങളിൽ മുമ്പും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ആദ്യമായാണെന്ന് നാട്ടുകാർ പറയുന്നു.

