റേഷൻകട നിർത്തലാക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു
text_fieldsറേഷൻകട പൂട്ടിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായെത്തിയപ്പോൾ
നെടുമങ്ങാട്: നഗരസഭയിലെ ഇരിഞ്ചയം വാർഡിൽ കുശർകോട് 28 വർഷമായി പ്രവർത്തിക്കുന്ന റേഷൻകട നിർത്തലാക്കുന്നതിൽ പ്രതിഷേധം.
വികലാംഗയായ ഷീജയുടെ റേഷൻകട ലൈസൻസ് റദ്ദാക്കി ഇവിടെനിന്ന് മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. 28 വർഷം മുമ്പ് മഹാത്മ മെമ്മോറിയൽ വനിതാ സഹകരണസംഘത്തിന്റെ പേരിലാണ് ലൈസൻസി അനുവദിച്ചത്.
കുശർകോട് പ്രദേശത്തെ 354 കാർഡ് ഉടമകളുള്ള റേഷൻ കടയുടെ ആദ്യകാല സെയിൽസ്മാൻ നഗരസഭ കൗൺസിലരായ സത്യശീലൻ ആയിരുന്നു. സത്യശീലന്റെ മരണശേഷം 18 വർഷമായി വികലാംഗയായ അദ്ദേഹത്തിന്റെ മകൾ ഷീജയാണ് കട നടത്തുന്നത്.
സാങ്കേതിക കാരണങ്ങളാൽ സൊസൈറ്റിയുടെ പ്രവർത്തനം നിലച്ചതോടെയാണ് റേഷൻകട ലൈസൻസ് റദ്ദാക്കാൻ സിവിൽ സപ്ലൈസ് അധികൃതർ ശ്രമമാരംഭിച്ചത്.
തുടർന്ന് വാർഡ് കൗൺസിലർ എൽ.എസ്. ബീനയുടെയും മുൻ കൗൺസിലർ രവീന്ദ്രന്റെയും നേതൃത്വത്തിൽ കാർഡുടമകൾ പ്രതിഷേധവുമായി രംഗത്തെത്തി. കുശർകോടുനിന്ന് അഞ്ച് കിലോമീറ്ററോളം അകലെയുള്ള പൂവത്തൂരിലേക്ക് കട മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി കടയിലെ സ്റ്റോക്ക് മാറ്റാൻ വന്ന സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു. നാട്ടുകാരുടെ ആവശ്യം മനസ്സിലാക്കുന്നെന്നും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്നും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

