കൃഷി വകുപ്പ് ഉൽപന്നങ്ങൾ ഇനി ഓൺലൈൻ പ്ലാറ്റ്ഫോമിലും
text_fieldsനെടുമങ്ങാട്: മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇനി മുതൽ ആമസോൺ ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ‘കേരൾ ആഗ്രോ’ ബ്രാൻഡിൽ എത്തുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കൃഷി വകുപ്പ് ഫാമുകൾ, ജൈവ ഉൽപാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ 100 ഉൽപന്നങ്ങളായിരിക്കും ഓൺലൈൻ വിപണിയിൽ ലഭ്യമാക്കുക.
കാർഷികോൽപന്നങ്ങളുടെ മൂല്യവർധന ശൃംഖലയിൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ ഇടപെടലുകളും സഹായവും ആവശ്യപ്പെട്ട് നെടുമങ്ങാട് കൃഷിദർശൻ വേദിയിൽ നടത്തിയ സഹകരണസംഘം പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി അഡ്വ. ജി.ആർ. അനിലിന്റെ അധ്യക്ഷതയിലായിരുന്നു പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച നടന്നത്.
കാർഷിക ഉൽപന്നങ്ങളുടെ വിപണനം കർഷകർ എപ്പോഴും അനുഭവിക്കുന്ന ഒരു പ്രതിസന്ധിയാണ്. ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണുക എന്നതാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ വിപണത്തിന് കർഷകന് വേണ്ട എല്ലാ സഹായങ്ങളും നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി കേരള അഗ്രി ബിസിനസ് കമ്പനി ഉടനെ പ്രവർത്തനം ആരംഭിക്കും. ഇതിനായി മൂല്യവർധന കൃഷിമിഷന് സർക്കാർ രൂപം നൽകിയിട്ടുണ്ട്.