ആരാകും മേയർ?; തീരുമാനമാകാതെ എൻ.ഡി.എ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്ന് കൗൺസിലർമാർ സ്ഥാനമേറ്റിട്ടും തിരുവനന്തപുരം കോർപറേഷൻ മേയർ ആരാകുമെന്ന കാര്യത്തിൽ തീരുമാനമായില്ല.
ഡിസംബർ 24ന് ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന എൻ.ഡി.എയുടെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. മേയർ സ്ഥാനാർഥി ആരെന്ന് 26ന് വെളിപ്പെടുത്തുമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറയുന്നത്.
എന്നാൽ, മേയർ സ്ഥാനാർഥിയെക്കുറിച്ച് ബി.ജെ.പിക്കും ആർ.എസ്.എസിനുമിടയിൽ സമവായമുണ്ടാകാത്തതാണ് പ്രഖ്യാപനം നീണ്ടുപോകാനുള്ള കാരണം. കോർപറേഷൻ ഭരണത്തിൽ 50 സീറ്റുകൾ നേടി വലിയ ഒറ്റകക്ഷിയാകാൻ എൻ.ഡി.എയെ സഹായിച്ചത് ആർ.എസ്.എസിന്റെ ചിട്ടയായ പ്രവർത്തനമാണ്. അതുകൊണ്ടു തന്നെ മേയറെ തീരുമാനിക്കുന്നതിലും അവരുടെ പങ്ക് നിർണായകമാണ്.
സംഘടനാ പ്രവൃത്തി പരിചയമുള്ളവരെ മേയറാക്കാനാണ് ആർ.എസ്.എസിന് താൽപര്യം. എന്നാൽ, മുൻ ഡി.ജി.പി ആർ. ശ്രീലേഖയോടാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന് താൽപര്യം. മുൻ കൗൺസിലറും ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായ വി.വി രാജേഷ്, വി.ജി ഗിരികുമാർ എന്നീ പേരുകളാണ് നിലവിൽ ആർ.എസ്.എസ് മുന്നോട്ട് വയ്ക്കുന്നത്.
തുടക്കത്തിൽ കരമന അജിത്ത് ലിസ്റ്റിലുണ്ടായിരുന്നെങ്കിലും സമവായത്തിന്റെ ഭാഗമായി വി.ജി ഗിരികുമാർ ലിസ്റ്റിൽ കയറിപ്പറ്റിയിട്ടുണ്ട്. മറ്റൊരു സർപ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. ഇക്കുറി ഡെപ്പൂട്ടി മേയർ സ്ഥാനം വനിത സംവരണമായതിനാൽ മേയറും വനിതയാകുന്നതിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. മാത്രമല്ല, വർഷങ്ങളായി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവരെ ഒഴിവാക്കി കെട്ടിയിറക്കപ്പെടുന്നയാളെ മേയറാക്കുന്നതിലും എതിർപ്പുയരുന്നുണ്ട്.
ഇതിനിടെ മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും തീരുമാനം. പുന്നയ്ക്കമുഗൾ കൗൺസിലറും മുതിർന്ന സി.പി.എം നേതാവുമായ ആർ.പി ശിവജിയെ മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 29 സീറ്റുകളേയുള്ളൂവെങ്കിലും എൻ.ഡി.എയ്ക്ക് കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ മത്സരത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് മുന്നണി. 24ന് കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി ആരാണെന്ന തീരുമാനവുമുണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

