നയനയുടെ ദുരൂഹ മരണം: മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കും
text_fieldsതിരുവനന്തപുരം: യുവസംവിധായിക നയന സൂര്യന്റെ ദുരൂഹ മരണത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാൻ ക്രൈംബ്രാഞ്ച് ശിപാർശ ചെയ്യും. നയനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത മെഡിക്കല്‍ കോളജ് മുന്‍ ഫോറന്‍സിക് സര്ജന് ഡോ. ശശികലയുടെ റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ ബോര്‍ഡ് എന്ന ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ടുവെക്കുന്നത്.
2019 ഫെബ്രുവരി 24ന് രാവിലെയാണ് നയനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ഡോ. ശശികലയെ കഴിഞ്ഞ ദിവസം അന്വേഷണസംഘം വിളിച്ചുവരുത്തിയിരുന്നു. കൊലപാതക സാധ്യതയാണുള്ളതെന്ന് ഡോ. ശശികല ആവര്‍ത്തിക്കുകയും ചെയ്തു. ഫെബ്രുവരി 23ന് പുലർച്ച രണ്ടിനും രാവിലെ എട്ടിനും ഇടയിലാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
മരണം നടന്ന് 18 മണിക്കൂറിലേറെ കഴിഞ്ഞാണ് മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനെത്തുന്നത്. എന്നിട്ടും മൃതദേഹം ജീർണിച്ചിരുന്നില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അടിവയറ്റില്‍ ക്ഷതമേറ്റ പാടും ആന്തരികാവയവങ്ങളില്‍ രക്തസ്രാവവും ഉണ്ടായിരുന്നു. എന്നാല്‍, ഈ ക്ഷതത്തിന് 48 മണിക്കൂറോളം പഴക്കമുണ്ടായിരുന്നെന്നും ഇത് മരണകാരണമല്ലെന്നുമാണ് കഴിഞ്ഞദിവസം ഡോ. ശശികല മൊഴി നൽകിയത്. കഴുത്ത് ശക്തമായി മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

