ദേശീയനിലവാരത്തിൽ എൻ.സി.സി പരിശീലന കേന്ദ്രം നിർമാണോദ്ഘാടനം 17ന്
text_fieldsകല്ലറയില്‍ നിർമിക്കുന്ന എന്‍.സി.സി. ദേശീയ പരിശീലന കേന്ദ്രത്തിന്റെയും ഹെലിപ്പാഡിന്റെയും രൂപരേഖ
കല്ലറ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കല്ലറയില്‍ ആരംഭിക്കുന്ന എന്‍.സി.സിയുടെ ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രത്തിന്റേയും ഹെലിപാഡിന്റേയും നിര്‍മാണ ഉദ്ഘാടനം മേയ് 17ന് വൈകീട്ട് നാലിന് മന്ത്രി ആര്. ബിന്ദു നിർവഹിക്കും. അടിയന്തിര ഘട്ടങ്ങളില്‍ സര്‍ക്കാരിനും ജില്ല ഭരണകൂടങ്ങള്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് പരിശീലന കേന്ദ്രം രൂപകല്പന ചെയ്തിട്ടുള്ളത്.
കല്ലറ ഗ്രാമപഞ്ചായത്തിലെ പാട്ടറ പാങ്ങലുകുന്നില് റവന്യൂ വകുപ്പിന്റെ കീഴിലുള്ള പാറക്കെട്ടുകള്‍ നിറഞ്ഞതും ചരിവുള്ളതുമായ എട്ടര ഏക്കര്‍ സ്ഥലത്താണ് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്. മൂന്നര ഏക്കര്‍ സ്ഥലത്തിന്റെ ഉപയോഗാനുമതി റവന്യൂ വകുപ്പില്‍നിന്ന് എന്‍.സി.സിക്ക് ഇതിനകം ലഭിച്ചു. ബാക്കിയുള്ള അഞ്ച് ഏക്കര്‍ ഭൂമി കൈമാറുന്നതിന് റവന്യൂ വകുപ്പ് മന്ത്രി അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 650 എന്‍.സി.സി കാഡറ്റുകള്‍ക്ക് ഒരേസമയം താമസിച്ച് പരിശീലനം നേടാനുള്ളസംവിധാനങ്ങളോടെയാണ് പരിശീലന കേന്ദ്രം ഒരുക്കുന്നത്.
പരിശീലന ഹാളുകള്‍, താമസസ്ഥലം, കോണ്‍ഫറന്‍സ് ഹാള്‍, ക്യാമ്പ് ഓഫീസ്, ഫയറിങ് റേഞ്ച് എന്നിവയും ഉണ്ടാകും. ട്രക്കിങ്, പാരച്ചൂട്ട് പരിശീലനം, വിവിധ സൈനീക വിഭാഗങ്ങളുടെ പ്രാഥമിക പരിശീലനം എന്നിവയുള്‍പ്പെടെ കാഡറ്റുകൾക്ക് ലഭ്യമാക്കും.
പരിശീലന കേന്ദ്രത്തിന്റെ മാസ്റ്റര്‍ പ്ലാനും കെട്ടിടങ്ങളുടെ രൂപകല്പനയും പൊതുമരാമത്ത് ആര്‍ക്കിടെക്റ്റ് വിഭാഗം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കെട്ടിട വിഭാഗമാണ് നിര്‍മണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സ്വാഗത സംഘം രൂപവൽകരണ യോഗം ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ ലിസി അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ആര്.ഡി.ഒ വി.ജയകുമാര്‍, എന്‍.സി.സി, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

