ദേശീയപാത വികസനം: ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഇടപെട്ട് മന്ത്രി ജി.ആര്‍. അനില്‍
text_fieldsrepresentational image
തിരുവനന്തപുരം: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് കണിയാപുരം പ്രദേശത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി മന്ത്രി ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ അവസാനിക്കുന്നിടത്ത് നിന്ന് കടമ്പാട്ടുകോണം വരെയാണ് നിലവിലെ ആറ് വരി ദേശീയപാത നിര്‍മാണം. നിലവിലെ പ്ലാനില്‍ വെട്ടുറോഡ് മുതല്‍ കണിയാപുരം വരെയുള്ള ഭാഗത്ത് മൂന്ന് അണ്ടര്‍പാസുകളും ബാക്കിയുള്ള ഭാഗത്ത് എട്ട് മീറ്റര്‍ ഉയരത്തില്‍ രണ്ട് വശവും മതില്‍ കെട്ടി അടച്ചനിലയിലുമായിരുന്നു നിര്‍മാണം. ഇതുകാരണം പൊതുജനങ്ങള്‍ക്കുണ്ടായേക്കാവുന്ന വലിയ ബുദ്ധിമുട്ടിന് പരിഹാരം കാണാനാണ് മന്ത്രി ഇടപെടല്‍ നടത്തിയത്.
1.3 കിലോമീറ്റര്‍ ദൂരത്ത് ഫ്ലൈ ഓവര്‍ നിര്‍മിക്കണമെന്ന നിവേദനം അടിയന്തരമായി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ജില്ല പഞ്ചായത്ത്, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് സംയുക്തമായി ഇതു സംബന്ധിച്ച പ്രമേയം അംഗീകരിക്കുമെന്നും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ യോഗത്തെ അറിയിച്ചു.
അണ്ടൂര്‍ക്കോണം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, പോത്തന്‍കോട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍, ജനപ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.