ദേശീയ പുരസ്കാരം മലയാളമണ്ണിന് കിട്ടിയ അംഗീകാരം -ഇന്ദ്രൻസ്
text_fieldsഫിലിം ഫ്രറ്റേണിറ്റി ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച ‘മധുമൊഴി’ പരിപാടിയിൽ ദേശീയ അവാർഡ് നേടിയ ഇന്ദ്രൻസിനെ ആദരിച്ച് സംവിധായകൻ പ്രിയദർശൻ സംസാരിക്കുന്നു
തിരുവനന്തപുരം: മലയാള മണ്ണിന് കിട്ടിയ അംഗീകാരമാണ് തന്റെ ദേശീയ പുരസ്കാരമെന്ന് നടൻ ഇന്ദ്രൻസ്. ശനിയാഴ്ച നിശാഗന്ധിയിൽ നടക്കുന്ന നടൻ മധുവിന്റെ നവതിയാഘോഷത്തിന് മുന്നോടിയായുള്ള കർട്ടൻ റൈസറിന്റെ ഭാഗമായുള്ള ആദരവ് ഏറ്റുവാങ്ങുകയായിരുന്നു ഇന്ദ്രൻസ്. ജീവിതത്തിന്റെ പലഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. തയ്യൽക്കാരനായി, അതുവഴി സിനിമയിൽ വന്നു, പിന്നെ അഭിനേതാവായി, ശരിക്കും ഒരു യാത്രയുടെ പരിസമാപ്തിയാണെന്ന് പറയാം.
ഇവിടെയുള്ള എല്ലാവരെയും കണ്ടും അറിഞ്ഞുമാണ് താൻ സഞ്ചരിച്ചത്. ഞാൻ കണ്ടുവളർന്നത് മധുസാറിനെയാണെന്നു പറയാം. മധുസാറിനെ കാണാനായി പലതവണ മതിലിന് മുകളിലൂടെ എത്തിനോക്കിയിട്ടുണ്ട്. നല്ല ആളുകളെ കാണാനായി ഇങ്ങനെ എത്തിനോക്കിയാണ് എന്റെ കഴുത്ത് നീണ്ടുപോയതെന്നു പലരും പറയാറുണ്ടെന്നും അദ്ദേഹം സരസനായി.
എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള ചിത്രങ്ങൾ ദേശീയ അവാർഡിന് എത്താറുണ്ട്. അവിടെ നമ്മുടെ സിനിമയെ ഉയർത്തിക്കൊണ്ടുവരാൻ കേരളത്തിൽനിന്നുള്ളവർ നന്നായി പരിശ്രമിച്ചു. അതാണ് ദേശീയ അവാർഡ് എന്ന തന്റെ അംഗീകാരമെന്നും ഇന്ദ്രൻസ് പറഞ്ഞു. ട്രിവാൻഡ്രം ഫിലിം ഫ്രട്ടേണിറ്റിയുടെ ആദരവ് സംവിധായകൻ പ്രിയദർശൻ ഇന്ദ്രൻസിന് സമ്മാനിച്ചു. സിനിമയോടുള്ള അതിയായ ആഗ്രഹമാണ് ഇന്ദ്രൻസിനെ ഒരു നടനാക്കി മാറ്റിയതെന്നും ഇന്ദ്രൻസ് എന്ന പേരിൽ ഒരു വേന്ദ്രൻ ഉണ്ടെന്നും പ്രിയദർശൻ ചൂണ്ടിക്കാട്ടി.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുവേണ്ടി ബി. രാകേഷ് ആദരവ് നൽകി. മധുവിനെ കുറിച്ചുള്ള ഡോക്യുമെന്ററി ‘അഭ്രപാളികളിലെ മധുരം’ തയാറാക്കിയ പുഷ്പൻ ദിവാകരനെ നടിമാരായ സീമ, മേനക, ജലജ എന്നിവർ ചേർന്ന് ആദരിച്ചു.