നന്തൻകോട് ആത്മഹത്യ: ലോക്ഡൗൺ കുരുക്കായി, മൂവരും മടങ്ങി
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ സൃഷ്ടിച്ച കടബാധ്യതയാണ് നന്തൻകോട് ഒരു കുടുംബത്തിലെ മൂന്നുപേരുടെ ആത്മഹത്യക്ക് കാരണമായതെന്ന് സുഹൃത്തുകളും ബന്ധുക്കളും. മുണ്ടക്കയം സ്വദേശിയും സ്വർണപ്പണിക്കാരനുമായ മനോജ്കുമാർ കുടുംബത്തോടൊപ്പം എട്ടുവർഷം മുമ്പാണ് നന്തൻകോട്ട് താമസമാക്കിയത്. ഭാര്യ രഞ്ജുവിന് സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്നെങ്കിലും പിന്നീട് ഭർത്താവിനൊപ്പം സ്വർണാഭരണ നിർമാണത്തിൽ പങ്കുചേർന്നു.
എന്നാൽ, ആദ്യ ലോക്ഡൗണോടെ കുടുംബം കൂടുതൽ പ്രതിസന്ധിയിലായി. പണിക്കായി പലരും ഏൽപിച്ചിരുന്ന സ്വർണാഭരണങ്ങൾ പണയംെവച്ച് ചെലവ് നടത്തി. പത്താംക്ലാസ് വിദ്യാർഥിയായ മകൾ അമൃതയുടെ അധ്യാപികയും സ്വർണാഭരണം പണിയാനായി ഇവരെ ഏൽപിച്ചിരുന്നു. ഇതും പണയംെവച്ചു. സ്വർണം തിരികെ ആവശ്യപ്പെട്ട് ആധ്യാപിക വിളിച്ചത് സംബന്ധിച്ച് വീട്ടിൽ മനോജും രഞ്ജുവും തമ്മിൽ നിരന്തര പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മൂന്നുമാസം മുമ്പ് മനോജ് കുമാർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഒരു അപകടത്തിൽപെട്ടിരുന്നു. എന്നാൽ, പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ സ്‌കൂട്ടർ തിരികെ കിട്ടിയതുമില്ല.
കടക്കാർ വീട്ടിലെത്തിയതോടെ മനോജ് ധർമസങ്കടത്തിലായി. ഞായറാഴ്ച രാത്രിയിൽ അധ്യാപികയുടെ സ്വർണം തിരികെ കൊടുക്കാത്തതിനെക്കുറിച്ച് മനോജും ഭാര്യയും തമ്മിൽ വഴക്കുണ്ടായത്രെ. തുടർന്നാണ് മനോജ് സ്വർണപ്പണിക്ക് ഉപയോഗിക്കുന്ന പൊട്ടാസ്യം സയനേഡ് സാനിറ്റൈസറിൽ കലർത്തി കഴിച്ചത്. തുടർന്ന് രഞ്ജു അറിയിച്ച പ്രകാരം പൊലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
രാത്രി രണ്ടരയോടെ ബന്ധുക്കൾ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയനിലയിലാണ് കണ്ടത്. പൊലീസിെൻറ സഹായത്തോടെ കതക് ചവിട്ടിത്തുറന്നപ്പോഴാണ് കട്ടിലിൽ മകളും നിലത്തായി രഞ്ജുവും മരിച്ചുകിടക്കുന്നനിലയിൽ കണ്ടത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

