നാഗർകോവിൽ: പോളണ്ടിൽ 23ന് തുടങ്ങുന്ന ഭിന്നശേഷിക്കാരുടെ അത്ലറ്റിക്സിൽ മത്സരിക്കാൻ യോഗ്യത ഉണ്ടായിട്ടും നിസ്സാര കാര്യത്തിെൻറ പേരിൽ അനുവാദം നൽകാത്ത സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടിയെ വിമർശിച്ച് മദ്രാസ് ഹൈകോടതി സമീഹ പർവീണിന് പോളണ്ടിൽ പോകാൻ അനുവദിച്ചു.
പോളണ്ടിൽ പോയി മത്സരത്തിൽ പങ്കെടുക്കാനുള്ള ഉത്തരവ് നേരിട്ട് സായ് അധികൃതരെ ഏൽപിക്കാനാണ് മദ്രാസ് ഹൈകോടതി ജഡ്ജി ആർ. മഹാദേവൻ പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഉത്തരവുമായി സമീഹ ഡൽഹിക്ക് പുറപ്പെട്ടു. ഡൽഹിയിൽ നടന്ന യോഗ്യത റൗണ്ടിൽ വിജയിച്ചെങ്കിലും വനിത വിഭാഗത്തിൽ സമീഹ മാത്രം യോഗ്യത നേടിയതിനാൽ ഒഴിവുകഴിവുകൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇക്കാര്യം 'മാധ്യമം'നേരത്തേ റിപോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ സമീഹയുടെ മാതാപിതാക്കൾ മുജീബും സലാമത്തും ചേർന്ന് അഭിഭാഷകൻ പ്രഭാകർ രാമചന്ദ്രൻ മുഖേന മദ്രാസ് ഹൈകോടതിയിൽ നൽകിയ പരാതിയിലാണ് അനുകൂല വിധി ഉണ്ടായത്.
നിരവധി സാഹസികതകൾ നിറഞ്ഞ ചുറ്റുപാടുകളിൽ നിന്നാണ് കേൾവിക്കുറവുള്ള മകളെ ദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് പലതിലും മെഡൽ നേടി ഈ നിലയിൽ എത്തിച്ചത്. കോടതി വിധി സമീഹക്ക് അനുകൂലമായി വന്നതോടെ അവരുടെ കന്യാകുമാരി ജില്ലയിലെ കടയാലുമൂട് ഗ്രാമം ആഹ്ലാദത്തിലാണ്.വെള്ളിയാഴ്ച രാത്രി തന്നെ സമീഹയെ യാത്രയാക്കാൻ നാട്ടുകാർ ഒത്തുകൂടി. രക്ഷിതാക്കൾ എല്ലാവർക്കും നന്ദി അറിയിച്ചു.