ആറാം ക്ലാസുകാരൻ കുളത്തിൽ മരിച്ചസംഭവത്തിൽ 14കാരൻ അറസ്റ്റിൽ
text_fieldsആദിൽ
മുഹമ്മദ്
നാഗർകോവിൽ: ഭൂതപാണ്ടിക്ക് പോകുന്ന വഴിയിൽ തിട്ടുവിളയിൽ ഒരു വർഷം മുമ്പ് കേരളത്തിൽനിന്ന് ബന്ധുവീട്ടിൽ വന്ന ആറാം ക്ലാസുകാരൻ കുളത്തിൽ വീണ് മരിച്ച സംഭവത്തിൽ 14കാരനെ തമിഴ്നാട് സി.ബി.സി.ഐ.ഡി വിഭാഗം അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ആശുപത്രി റോഡിൽ മുഹമ്മദ് നസീം-സുജിത ദമ്പതികളുടെ മകൻ ആദിൽ മുഹമ്മദിനെയാണ് (12) 2022 മേയ് എട്ടിന് ഇറച്ചകുളത്തിലെ ബന്ധുവീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കന്യാകുമാരി ജില്ല പൊലീസ് നടത്തിയ അന്വേഷണത്തിൽ തുമ്പ് ലഭിക്കാത്തതിനെ തുടർന്ന് ആദിൽ മുഹമ്മദിന്റെ രക്ഷിതാക്കൾ കേരള സർക്കാരിന് പരാതി നൽകി. തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അന്വേഷണം സി.ബി.സി.ഐ.ഡിക്ക് കൈമാറി. ആറ് മാസത്തെ അന്വേഷണത്തെ തുടർന്നാണ് വ്യാഴാഴ്ച പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ തിരുനെൽവേലി ജുവനൈൽ ഹോമിൽ അടച്ചു.
സംഭവദിവസം ആദിൽ മുഹമ്മദ് വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ടീ ഷർട്ട് ധരിച്ചിരുന്നു. എന്നാൽ, മൃതദേഹത്തിൽ ടീ ഷർട്ട് ഉണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആദിൽ മുഹമ്മദിനൊപ്പം പോയ കുട്ടികളെ ചോദ്യംചെയ്തതിൽ നിന്നാണ് 14 കാരനെ പിടികൂടിയത്. സി.ബി.സി.ഐ.ഡി ഡി.എസ്.പി ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

