കൂടത്തിൽ തറവാട്ടിലെ ദുരൂഹമരണം; കോടതിയിൽ വീണ്ടും ട്വിസ്റ്റ്
text_fieldsകൂടത്തിൽ തറവാട് (ഫയൽ ചിത്രം)
തിരുവനന്തപുരം: കൂടത്തിൽ തറവാടിലെ അവസാന കണ്ണിയായ ജയമാധവൻ നായരുടെ ദുരൂഹമരണത്തിൽ വീണ്ടും വഴിത്തിരിവ്. നുണപരിശോധനക്ക് സമ്മതം അറിയിച്ചിരുന്ന കൂടത്തിൽ തറവാട്ടിലെ ജോലിക്കാരായിരുന്ന സഹദേവനും മരുമകൻ സെന്തിലും കോടതിയിൽ കൂറുമാറി. തലക്ക് പരിക്കേറ്റ ജയമാധവൻ നായരെ ആശുപത്രിയിലെത്തിക്കാൻ ബോധപൂർവം വൈകിപ്പിച്ചെന്ന ആരോപണം നിലനിൽക്കെയാണ് കൂറുമാറ്റം. കോടികളുടെ ആസ്തിയുണ്ടായിരുന്ന തറവാട്ടിൽ പലകാലത്ത് ഉണ്ടായ പല മരണങ്ങളും സംശയ നിഴലിലാണ്. ജയമാധവൻ നായരുടെ മരണത്തിലുണ്ടായത് വലിയ ദുരൂഹതയാണ്. മരണത്തിന് പിന്നാലെ വസ്തുവകകള്‍ കാര്യസ്ഥന്റെയും വീട്ടുജോലിക്കാരുടെയും അകന്ന ചില ബന്ധുക്കളുടെയും പേരിലേക്കായി. ജയമാധവൻ നായർ തയാറാക്കിയതായി പറയുന്ന വിൽപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുക്കൾ പങ്കിട്ടത്.
ജയമാധവൻ നായരുടെ മരണ കാരണം തലക്കടിയേറ്റതാണെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് പ്രത്യേക സംഘം വിശദമായ അന്വേഷണം തുടങ്ങിയത്. ഇവിടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് കാര്യസ്ഥൻ രവീന്ദ്രൻ നായരാണ്. തലക്ക് പരിക്കേറ്റ് നിലത്തു കിടന്ന ജയമാധവൻ നായരെ ജോലിക്കാരനായ സഹദേവന്റെയും മരുമകൻ സെന്തിലിന്റെയും സഹായത്തോടെ ഓട്ടോയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെന്നാണ് രവീന്ദ്രൻ പൊലീസിനോട് പറഞ്ഞത്. ആശുപത്രിയിലെത്തിയപ്പോള്‍ ജയമാധവൻ മരിച്ചിരുന്നു.
മൊഴിയിൽ പറഞ്ഞ ഓട്ടോ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തതോടെ ദുരൂഹത കൂടി. ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ചതായി മൊഴി നൽകിയാൽ കാര്യസ്ഥൻ പണം വാഗ്ദാനം ചെയ്തിരുന്നെന്നായിരുന്നു ഓട്ടോ ഡ്രൈവർ സുമേഷ് ജില്ല ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. തന്റെ ഓട്ടോയിലല്ല ജയമാധവൻ നായരെ കൊണ്ടുപോയതെന്നും സുമേഷ് മൊഴി നൽകി. അപ്പോള്‍ ഏതു വാഹനത്തിലാണ് കൊണ്ടുപോയത്, എന്തുകൊണ്ട് സമീപത്തെ ഒരു ആശുപത്രിയിലേക്ക് ജയമാധവൻ നായരെ കൊണ്ടുപോകാതെ കരമനയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു തുടങ്ങി ചോദ്യങ്ങള്‍ പൊലീസിന് കണ്ടെത്തേണ്ടതായി വന്നു.
ജോലിക്കാരനായ സഹദേവനെയും മരുമകനെയും ജില്ല ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. സുമേഷിന്റെ ഓട്ടോയിലാണ് ജയമാധവൻ നായരെ കൊണ്ടുപോയതെന്നും നുണപരിശോധനക്ക് തയാറാണെന്ന് ഇരുവരും ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വിജുകുമാറിനെ രേഖാമൂലം അറിയിച്ചു. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന മൊഴി നൽകിയ സുമേഷും നുണപരിശോധനക്ക് സമ്മതിച്ചു. പക്ഷെ, കോടതി വിളിപ്പിച്ചപ്പോള്‍ സഹദേവനും സെന്തിലും നുണപരിശോധനക്ക് വിസമ്മതിക്കുകയായിരുന്നു. ഇതോടെ ഇവർ പറഞ്ഞത് കള്ളമാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ജയമാധവനെ ആശുപത്രിയിലെത്തിച്ച സമയവും, സാക്ഷികൾ ഓട്ടോവിളിച്ചതായി പറയുന്ന സമയവും തമ്മിലും പൊരുത്തക്കേടുണ്ട്. പ്രധാന സാക്ഷികൾ മൊഴിമാറ്റിയതോടെ ജയമാധവൻ നായരുടെ ദുരൂഹമരണത്തിൽ സംശയങ്ങൾ ബലപ്പെടുന്നതായി. കോടതിയിൽനിന്ന് അനുമതി ലഭിക്കുന്ന മുറക്ക് സുമേഷിനെ നുണപരിശോധനക്ക് വിധേയനാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

