മുതലപ്പൊഴി വികസന പദ്ധതി; പഠനത്തിന് കേന്ദ്ര സംഘമെത്തി
text_fieldsചിറയിൻകീഴ്: തുറമുഖ വികസനവും പുലിമുട്ടുകളുടെ പുനരുദ്ധാരണവും പഠിക്കുന്നതിന് കേന്ദ്രസംഘം മുതലപ്പൊഴി സന്ദർശിച്ചു. ബാംഗ്ലൂർ ആസ്ഥാനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനീയറിങ് ഫോർ ഫിഷറീസിലെ മൂന്ന് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച രാവിലെ മുതലപ്പൊഴിയിലെത്തിയത്.
തുറമുഖ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ കേന്ദ്ര ഫിഷറീസ് മന്ത്രലായത്തിന് സമർപ്പിച്ച 50 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിവര ശേഖരണമായിരുന്നു സംഘത്തിന്റെ സന്ദർശന ലക്ഷ്യം. പെരുമാതുറയിലെ അദാനിയുടെ വാർഫിലേക്ക് എത്തിയ സംഘം അഴിമുഖ പ്രദേശം സന്ദർശനം നടത്തി.
ഹാർബറിലെ ലേലപ്പുരയിലെത്തി മത്സ്യത്തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംസ്ഥാന ഹാർബർ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ സാധ്യതകളും ആവശ്യങ്ങളും വിശദീകരിച്ചു.
സംസ്ഥാന സർക്കാർ സമർപ്പിച്ച തുറമുഖ വികസന പദ്ധതിക്ക് സാങ്കേതിക അംഗീകാരമായിട്ടുണ്ട്. 15 കോടി 41 ലക്ഷം രൂപ ഹാര്‍ബിന്റെ പുനരുദ്ധാരണവും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് നിർദേശിച്ചിട്ടുള്ളത്. 22 കോടി 20 ലക്ഷത്തോളം രൂപ പുലിമുട്ടുകളുടെ പുനരുദ്ധാരണത്തിനാണ് ചെലവഴിക്കുക. സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ചാകും പുലിമുട്ടുകളുടെ പുനരുദ്ധാരണം നടപ്പാക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൂന്നുമണിക്കൂറോളം ഉദ്യോഗസ്ഥ സംഘം മുതലപ്പൊഴി ഹാര്‍ബറിലും സമീപ പ്രദേശങ്ങളിലും നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് മടങ്ങിയത്. സിസെഫിലെ സാമ്പത്തിക വിഭാഗം അസി. ഡയറക്ടർ ദിവ്യ ഷർമ്മ, ദിനേശ്കുമാർ സോണി, ജൂനിയർ എൻജിനീയർ അജിൻ ജെയിംസ് എന്നിവരാണ് മുതലപ്പൊഴിയിലെത്തിയത്.
ഹാർബർ എൻജിനീയറിങ് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ബീഗം അബീന, ഹാർബർ വികസന സമിതിയംഗം നജീബ് തോപ്പിൽ, പഞ്ചായത്തംഗം സൂസി ബിനു, എന്നിവർ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

