വീണ്ടുമൊരു നവീകരണ പദ്ധതിക്കൊരുങ്ങി മുതലപ്പൊഴി
text_fieldsമുതലപ്പൊഴി ഹാർബർ
ആറ്റിങ്ങൽ: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വീണ്ടുമൊരു പുനർനിർമാണ പദ്ധതിക്ക് തുടക്കമാകുന്നു. ചെന്നൈ ഐ.ഐ.ടിയുടേയും പൂനെ ഐ.ഐ.ടിയുടെയും പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ പാളിയെന്ന് വിലയിരുത്തിയാണ് വീണ്ടുമൊരു നവീകരണ പദ്ധതിക്ക് മുതലപ്പൊഴി ഒരുങ്ങുന്നത്.
തുറമുഖത്തെ ശാശ്വതമായി അപകടരഹിതമാക്കുന്നതിന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ പൂനെ ആസ്ഥാനമായുളള സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ (സി.ഡബ്ലു.പി.ആർ.എസ്) ചുമതലപ്പെടുത്തിയിരുന്നു.
സി.ഡബ്ലു.പി.ആർ.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുലിമുട്ടിന്റെ നീളം വർധിപ്പിക്കുന്നതിനും മറ്റു അടിസ്ഥാന സൗകര്യ വികസനത്തിനും, കേന്ദ്ര സർക്കാർ നിഷ്കർഷിച്ചത് പ്രകാരമുളള ഗ്രീൻ ആൻഡ് ബ്ലൂ പോർട്ട് ഘടകങ്ങൾ കൂടി ഉൾപ്പെടുത്തിയും ഹാർബർ എൻജിനീയറിങ് വകുപ്പ് 177 കോടി രൂപയുടെ വിശദമായ പദ്ധതി രൂപരേഖ തയാറാക്കുകയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തതോടെ നടപ്പിലാക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനുളള അംഗീകാരത്തിനായി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. കഴിഞ്ഞ നവംബർ ഒന്നിന് കേന്ദ്ര സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു.
തെക്കേ പുലിമുട്ടിന്റെ നീളം 420 മീറ്റർ വർധിപ്പിക്കൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണി, ഡ്രഡ്ജിങ്, പെരുമാതുറ ഭാഗത്തെ വാർഫ്, ഓക്ഷൻ ഹാൾ എന്നിവയുടെ നീളം കൂട്ടൽ, കടമുറികൾ, ലോഡിങ് ഏരിയ, പാർക്കിങ് ഏരിയ എന്നീ ഘടകങ്ങളും, താഴമ്പള്ളി ഭാഗത്തെ ഓക്ഷൻ ഹാളിന്റെ നീളംകൂട്ടൽ, ടോയ് ലെറ്റ് ബ്ലോക്ക് നിർമാണം എന്നീ ഘടകങ്ങളും വൈദ്യുതീകരണ ജലവിതരണ സംവിധാനം, ഗ്രീൻ ആന്റ് ബ്ലൂ പോർട്ട് എന്നീ ഘടകങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു.
പതാഴമ്പള്ളി ഭാഗത്തെ ടോയ് ലെറ്റ് ബ്ലോക്കിന്റെ നിർമാണത്തിന് അഞ്ച് മാസം മുമ്പ് ഹാർബർ വകുപ്പ് നടപടികൾ പൂർത്തിയാക്കി കരാർ നൽകി. പ്രധാന ഘടകമായ പുലിമുട്ടിന്റെ നീളം കൂട്ടൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ എന്നീ പ്രവൃത്തികളുടെ ദർഘാസ് നടപടികൾ മേയ് മാസത്തിൽ പൂർത്തിയാക്കി. ഇതനുസരിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമാവുന്നത്.
വ്യാഴാഴ്ച വൈകീട്ട് നാലിന് പെരുമാതുറ ഭാഗത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നവീകരണ പുനർനിർമാണ പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

