അപകട മുനമ്പായി ‘മരണ’പ്പൊഴി; സർക്കാർ കണ്ണുതുറക്കുമോ
text_fieldsസുരേഷ് സ്റ്റീഫന്റെ മൃതദേഹം പൊലീസും നേവി ഉദ്യോഗസ്ഥരും
നാട്ടുകാരും ചേർന്ന് ആംബുലൻസിലേക്ക് കൊണ്ടുപോകുന്നു
തിരുവനന്തപുരം: തീരദേശത്തെ അപകട മുനമ്പായി മാറിയിരിക്കുകയാണ് മുതലപ്പൊഴി ഹാർബർ. പൊഴിമുഖത്ത് രൂപപ്പെടുന്ന മണൽത്തിട്ടയിലും പുലിമുട്ടിൽ നിന്നിളകിയ പാറയിലും തട്ടിയുളള അപകടങ്ങളിൽ നിരവധി മത്സ്യതൊഴിലാളികളാണ് ഇവിടെ മരിച്ചത്. അപകടം പതിവായിട്ടും പുലിമുട്ടിന്റെ അപാകത തീർക്കാനോ മണൽ നീക്കം ചെയ്യാനോ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുമില്ല.
കഠിനംകുളം കായലും അറബിക്കടലും ചേരുന്ന സ്ഥലമാണ് മുതലപ്പൊഴി. ഇപ്പോഴിത് മരണപ്പൊഴിയാണ്. 2015ൽ പുലിമുട്ട് സ്ഥാപിച്ച ശേഷം ഇതുവരെ 60 പേരാണ് ഇവിടെ മരിച്ചത്. മുതലപ്പൊഴിയിൽ ഉണ്ടായിട്ടുള്ള അപകടങ്ങൾക്കാകട്ടെ കൈയ്യും കണക്കുമില്ല.
പുലിമുട്ടുകളുള്ള ഹാർബറുകളിൽ തിരയടി കുറയുന്നതാണ് പതിവ്. എന്നാൽ മുതലപ്പൊഴിയിൽ മറിച്ചാണ് സ്ഥിതി. പൊഴിമുഖത്തേക്ക് അടിച്ചുകയറുന്ന കൂറ്റൻ തിരമാലകളെ കടന്നാണ് ബോട്ടുകളും വളളങ്ങളും കടലിലേക്ക് പോകേണ്ടതും മടങ്ങി വരേണ്ടതും. ശാസ്ത്രീയ രീതീയിലല്ല പുലിമുട്ട് നിർമ്മിച്ചിരിക്കുന്നത്.
തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴിയിൽ ബോട്ടപകടത്തിൽ കാണാതായവർക്കുവേണ്ടി മത്സ്യത്തൊഴിലാളികൾ തിരച്ചിൽ നടത്തുന്നു
അതിന്റെ പ്രശ്നമാണ് അടിക്കടി ഉണ്ടാകുന്ന അപകടങ്ങളും മരണവും മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതവും. കല്ലുകൾ മുഴുവൻ ഇടിഞ്ഞ് കടലിലേക്കിറങ്ങി. തിര വരുന്നതു മുഴുവൻ മണൽ കിടക്കുന്ന സ്ഥലത്തേക്കാണ്. കുഴിയുണ്ടെങ്കിൽ മാത്രമേ തിരയടിക്കാതിരിക്കൂ -മത്സ്യതൊഴിലാളികൾ പറയുന്നു.
അപകടം പതിവായ മുതലപ്പൊഴിയിൽ വിഴിഞ്ഞത്തേക്ക് പാറ കൊണ്ടുപോകാൻ വേണ്ടി പുലിമുട്ട് പൊളിച്ചതും വിനയായി. 170 മീറ്റർ പുലിമുട്ട് പൊളിച്ച് നീക്കിയതോടെ തിര അടിക്കുന്നത് ഹാർബറിനകത്തേക്കാണ്. ദിവസവും രണ്ടും മൂന്നും വള്ളം വീതംമറിയുകയാണ്. നേരത്തെ ഇവരെകടലടിക്കില്ലായിരുന്നു. 170 മീറ്ററോളം പൊളിച്ചുകളഞ്ഞതുകാരണം കടൽ മുതലപ്പൊഴിയിൽ വന്ന് അടിക്കുകയാണ്-നാട്ടുകാർപറയുന്നു.
പൊഴിമുഖത്ത് അപകടങ്ങൾ പതിവായതോടെ മുതലപ്പൊഴി വഴി കടലിൽ പോകാൻ മത്സ്യത്തൊഴിലാളികൾക്ക് പേടിയാണ്. ഒരു അപകടം എങ്കിലും ഉണ്ടാകാത്ത ആഴ്ചകളില്ല. ജീവഭയമില്ലാതെ തൊഴിലെടുക്കാനുളള സൗകര്യം മാത്രമാണ് മുതലപ്പൊഴിയുടെ ഇരുവശത്തുമുളള മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഇക്കാര്യത്തിൽ നിരവധി വാഗ്ദാനങ്ങൾ അവർക്കുമുന്നിലുണ്ട്. വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെങ്കിൽ മുതലപ്പൊഴി മരണപ്പൊഴിയായി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

