വധശ്രമക്കേസ് പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞത്ത് മധ്യവയസ്കനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു. വെങ്ങാനൂർ നെല്ലിവിള വിനീത് ഹൗസിൽ ബാബു(57)വിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മുള്ളുവിള ലിയോ ഭവനിൽ ജോസഫിനെ ബാബുവിെൻറ നേതൃത്വത്തിൽ അഞ്ചംഗസംഘം ഉച്ചക്ക് 12ന് നെല്ലിവിള ജങ്ഷനിൽ തടഞ്ഞുനിർത്തി മർദിച്ചശേഷം വലിച്ചിഴച്ച് ബാബുവിെൻറ വീടിെൻറ കോമ്പൗണ്ടിൽ കൊണ്ടുവന്ന് മർദിക്കുകയും ഇരുമ്പ് കമ്പി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുെന്നന്നാണ് കേസ്. പ്രതികൾ നടത്തുന്ന പന്നി ഫാമിൽ ഹൈകോടതി ഉത്തരവ് പ്രകാരം മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഉദ്യോഗസ്ഥർ പരിശോധിക്കാൻ എത്തിയത് ജോസഫ് കാരണമാണെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്.
വിഴിഞ്ഞം എസ്.എച്ച്.ഒ രമേഷ്, എസ്.ഐമാരായ വിനോദ്, തിങ്കൾ ഗോപകുമാർ, സതികുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ മറ്റ് പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻഡ് ചെയ്തു.