ചളിയും പായലും നീക്കിത്തുടങ്ങി; ഒഴുക്ക് വീണ്ടെടുക്കാൻ നെയ്യാർ
text_fieldsതിരുവനന്തപുരം: നെയ്യാറിലെ തടസ്സങ്ങള്‍ നീക്കി ഒഴുക്ക് കൂട്ടാൻ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജലസേചന വിഭാഗം മെക്കാനിക്കല്‍ വിഭാഗം സില്‍റ്റ് പുഷര്‍ ഉപയോഗിച്ച് ആറിലെ ചളിയും പായലും നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു. നെയ്യാറിന്റെ വലതുകര കനാലിലാണ് ആദ്യ ഘട്ടത്തില്‍ ജോലികള്‍ ആരംഭിച്ചത്.
മൈലോട്ടുമൂഴി ഭാഗത്ത് കഴിഞ്ഞയാഴ്ച ജോലികള്‍ക്ക് തുടക്കമായെങ്കിലും ചളിയും പായലും കരയില്‍നിന്ന് നീക്കം ചെയ്യുന്നതിന് എക്സ്കവേറ്റര്‍ ലഭിക്കാത്തതിനെതുടര്‍ന്ന് ജോലി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് എക്സ്കവേറ്റര്‍ എത്തിച്ച് ചൊവ്വാഴ്ചയോടെ ജോലികള്‍ പുനരാരംഭിച്ചു.
ചളി നീക്കംചെയ്യുന്നതിന് ആലപ്പുഴ മെക്കാനിക്കല്‍ ഡിവിഷന്റെ കീഴിലുള്ള എക്സ്കവേറ്റര്കൂടി എത്തിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന് നിര്‍ദേശം നല്കി. 13.42 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയാണ് പദ്ധതിക്കായി ജലവിഭവ വകുപ്പ് നല്‍കിയത്. മൈലോട്ടുമൂഴി പാലത്തില്‍നിന്ന് രണ്ടു ദിശകളിലേക്കുമായി ആറു കിലോമീറ്റര്‍ ദൂരത്തില്‍ 30,000 ചതുരശ്ര മീറ്റാണ് ചളിയും പായലും നീക്കി വീണ്ടെടുക്കുന്നത്. ഇതിനോടകം 1600 ചതുരശ്ര മീറ്റര്‍ വൃത്തിയാക്കി. 30 ദിവസങ്ങള്‍ക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

