പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിനതടവും പിഴയും
text_fieldsഷിബിൻ
തിരുവനന്തപുരം: കിണർ കുഴിക്കാൻ എത്തി അയൽവീട്ടിലെ 13കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും. പാങ്ങോട് ഭരതന്നൂർ ഷൈനി ഭവനിൽ ഷിബിൻ (32)നെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ സുദർശൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധികശിക്ഷ അനുഭവിക്കണം.
2018 മാർച്ച് 26 നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിനടുത്ത് കിണർ കുഴിക്കാൻ എത്തിയ പ്രതി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിൽ പോകുമായിരുന്നു. വീട്ടിൽ ആരുമില്ലെന്നറിഞ്ഞ പ്രതി കുട്ടിയെ പീഡിപ്പിച്ചു. ഭയന്ന കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി കൂട്ടുകാരിയുടെ വീട്ടിൽ പോയി.
പീഡന സംഭവം കുട്ടി വീട്ടിൽ പറഞ്ഞില്ല. രണ്ട് വർഷം കഴിഞ്ഞ് ഡോക്ടറെ കണ്ടപ്പോഴാണ് സംഭവം പുറത്ത് പറഞ്ഞത്. പാലോട് സി ഐ സി.കെ. മനോജാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി ആർ.എസ്.വിജയ് മോഹൻ, എം.മുബീന, ആർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി.

