‘ആനവണ്ടി’യുടെ ചവിട്ടുപടിയിൽനിന്ന് ബസോർമകൾ പങ്കുവെച്ച് മോഹൻലാൽ
text_fieldsതിരുവനന്തപുരം കനകക്കുന്നിൽ ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി ഓട്ടോ എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നടൻ മോഹൻലാൽ കോളജ് പഠനകാല ഓർമകൾ പങ്കുവെക്കാൻ ബസിന്റെ ഫുഡ്ബോർഡിൽ നിന്നപ്പോൾ. മന്ത്രി കെ.ബി. ഗണേഷ്കുമാർ, കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ എന്നിവർ സമീപം
തിരുവനന്തപുരം: പഴയ കെ.എസ്.ആർ.ടി.സി ബസിന്റെ ചവിട്ടുപടിയിൽനിന്ന് ബസോർമകൾ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മോഹൻലാലും ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറും. കെ.എസ്.ആർ.ടി.സി എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച ഓര്മ എക്സ്പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു താരം. തിരുവനന്തപുരത്ത് ബസിൽ സഞ്ചരിക്കുകയെന്നത് പ്രത്യേകാനുഭവമാണ്. ബസ് കാണുമ്പോൾതന്നെ കോളജ് കാലമാണ് ഓർമവരുന്നതെന്ന് മോഹൻലാൽ പറഞ്ഞു.
കെ.എസ്.ആർ.ടി.സിയിൽ മുമ്പ് ഒരുപാട് തവണ യാത്രചെയ്തിട്ടുണ്ട്. അന്ന് ഇത്തരം ബസുകൾ ഒന്നുമില്ല. ട്രാൻസ്പോർട്ട് എന്നത് ഇപ്പോൾ ഗംഭീരമായി മാറുകയാണ്. അത്തരം സൗകര്യങ്ങൾ സംസ്ഥാനത്ത് കൊണ്ടുവരാൻ സർക്കാരിനും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനും സാധിച്ചു. ഒരു നാട്ടിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് ആ നാട് ഒരുപാട് മുന്നോട്ടുപോകുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
പുതിയ വോൾവോ ബസിൽ കയറിയ മോഹൻലാൽ ബസിന്റെ ആധുനിക സൗകര്യങ്ങൾ നോക്കിക്കണ്ടു. കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും പുതിയ ബസുകളുടെ ഫ്ലാഗ് ഓഫിന് മുന്നോടിയായാണ് വോള്‍ബോ ബസുകളടക്കം പരിചയപ്പെടാന്‍ മോഹൻലാൽ എത്തിയത്. ഓർമ എക്സ്പ്രസിന്റെ ആദ്യയാത്രയിൽ സംവിധായകൻ പ്രിയദർശനും നടന്മാരായ മണിയൻപിള്ള രാജുവും നന്ദുവും മന്ത്രി ഗണേഷ് കുമാറിനൊപ്പം യാത്ര ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

