പാട്ടിന് ശുപാർശക്കെത്തിയ വിജയമ്മയെ പാടിച്ചാദരിച്ച് മന്ത്രി
text_fieldsവിജയമ്മയുടെ തമാശകേട്ട് പൊട്ടിച്ചിരിക്കുന്ന മന്ത്രി ഡോ. ആർ. ബിന്ദു
തിരുവനന്തപുരം: പാടാൻ കൊതിച്ചെത്തിയ 67 കാരിയെ പാടാതെ വിടുന്നതെങ്ങനെ? അതിന് രജിസ്റ്റർ ചെയ്തോ ഇല്ലയോ എന്നൊന്നും നോക്കിയില്ല. പാട്ടുപാടുകയെന്ന മോഹവുമായാണ് തിരുവനന്തപുരം വെമ്പായം സ്വദേശി 67കാരിയായ സൂര്യലക്ഷ്മി എന്ന വിജയമ്മ 'സവിശേഷ' ഭിന്നശേഷി കലാമേളയുടെ വേദിയിൽ എത്തിയത്. മേള നടക്കുന്നുണ്ടെന്നറിഞ്ഞ് ടാഗോറിൽ എത്തിയ വിജയമ്മ ആദ്യം തിരക്കിയത് മന്ത്രി ബിന്ദുവിനെ ആയിരുന്നു. തിയേറ്ററിന്റെ മുൻനിരയിൽ വീൽചെയറിൽ എത്തിയ വിജയമ്മ ഇത് തിരക്കിയതോ, സാക്ഷാൽ മന്ത്രി ബിന്ദുവിനോടും.
മന്ത്രിയോടാണ് അമ്മ സംസാരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ ആശ്ചര്യപ്പെട്ട വിജയമ്മ തുടർന്ന് മന്ത്രിക്ക് മുന്നിൽ തന്റെ ആവശ്യം ഉന്നയിച്ചു; ‘എനിക്ക് വേദിയിൽ പാട്ട് പാടാൻ ഫാറം പൂരിപ്പിച്ച് തരണം’.
ഫോറം പൂരിപ്പിച്ചു തരാതെ തന്നെ പാട്ടുപാടാം എന്ന് മന്ത്രി പറഞ്ഞിട്ടും വിജയമ്മക്ക് വിശ്വാസമായില്ല, ‘അപ്പം ഫാറം വേണ്ടേ...?’ തുടർന്നായിരുന്നു മന്ത്രിയോട് വിജയമ്മയുടെ നർമത്തിൽ ചാലിച്ച വാക്കുകൾ ‘അമ്മൂമ്മയ്ക്ക് പാട്ടിൽ ഫസ്റ്റ് കിട്ടിയാൽ സമ്മാനം ബിന്ദു വാങ്ങിച്ചുകളയോ...?,’ ഇതുകേട്ട് മന്ത്രി പൊട്ടിച്ചിരിച്ചുപോയി. മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം സ്റ്റേജിൽ കയറിയ വിജയമ്മ ഉഗ്രനൊരു ഭക്തിഗാനവും പാടി, മന്ത്രിയിൽ നിന്ന് പൊന്നാടയും സ്വീകരിച്ചാണ് മടങ്ങിയത്.
12 വയസുവരെ പാട്ടുപഠിച്ചിരുന്ന വിജയമ്മക്ക് നാലു വർഷം മുമ്പ് നാഡീസംബന്ധമായ രോഗത്താൽ കാഴ്ച നഷ്ടപ്പെട്ടു. മുഴുവൻ സമയവും വീൽചെയറിലുമാണ്. വെമ്പായത്ത് തനിച്ചു താമസിക്കുന്ന ഇവർക്ക് വീടും സ്ഥലവും വിട്ട് മറ്റൊരിടത്തേക്കോ ഷെൽട്ടർ ഹോമിലേക്കോ മാറാൻ താല്പര്യമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

