ഇടവിട്ടുള്ള മഴ രോഗ വ്യാപനത്തിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി മുരളീധരൻ
text_fieldsകെ. മുരളീധരൻ
തിരുവനന്തപുരം: ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യതയുള്ളതിനാൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. രോഗവ്യാപനം തടയാൻ പഴുതടച്ചുള്ള പ്രതിരോധമാണ് പോംവഴിയെന്നും പൊതുജനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
ശക്തമായ പനി തലവേദന, ശരീരവേദന, ശരീരത്തിൽ തിണർപ്പുകൾ, ഛർദിൽ, വയറുവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനി ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ആശുപത്രിയിൽ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ പൂർണ വിശ്രമവും ധാരാളം വെള്ളം കുടിക്കുകയും വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഇടവിട്ടുള്ള മഴക്കാലത്ത് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാധ്യത വളരെ കൂടുതലാണ്.
വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും കൊതുകിന്റെ പ്രജനന സാധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിച്ച് ഡ്രൈഡേ ആചരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വീട്ടിനകത്ത് ഫ്രിഡ്ജിന്‍റെ പുറകിലെ ട്രെ, ചെടിച്ചട്ടിയുടെ അടിയിൽ വെച്ചിരിക്കുന്ന പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാര ചെടിയുടെ പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസറ്റ് എന്നിവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യമുണ്ടാകരുതെന്നും ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയർ, ആട്ടുകല്ല്, ഉരൽ, ക്ലോസറ്റുകൾ, വാഷ്ബേസിനുകൾ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴാത്ത വിധത്തിൽ സൂക്ഷിക്കണം. ടെറസ്, സൺഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും മൂടിവെക്കാനും ശ്രദ്ധിക്കണം. കൊതുക് കടി ഏൽക്കാതിരിക്കാൻ സ്വയം സുരക്ഷ മാർഗങ്ങൾ സ്വീകരിച്ച് കൊണ്ടുവേണം ഉറവിട നശീകരണത്തിൽ ഏർപ്പെടാൻ. ശരീരമാസകലം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുകയും ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിച്ച് പ്രതിരോധം ഉറപ്പാക്കുകയും വേണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

