വട്ടിയൂര്‍ക്കാവില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വയോധികന് ഗുരുതര പരിക്ക്
text_fieldsഗ്യാസ് സിലിണ്ടറിന് തീപിടിച്ചതിനെതുടർന്ന് വീടിന്റെ അടുക്കള തകർന്നനിലയിൽ, പൊട്ടിത്തെറിച്ച സിലിണ്ടർ (ഇൻസെറ്റിൽ
വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വയോധികന് ഗുരുതരമായി പൊള്ളലേറ്റു. വാഴോട്ടുകോണം ചെമ്പുക്കോണം 35ാം വാര്‍ഡില്‍ സി.ആര്.എ-24 എയില്‍ ഭാസ്കരന് നായരുടെ ലക്ഷ്മി ഭവനത്തിലാണ് ചൊവ്വാഴ്ച രാവിലെ 11ഓടെ തീപിടിത്തമുണ്ടായത്.
പൊള്ളലേറ്റ ഭാസ്കരന് നായരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ നിയന്ത്രിക്കാന്‍ കഴിയാത്തവിധം ഉയര്‍ന്നതോടെ വീട്ടുകാര്‍ തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു. അധികൃതരെത്തി ഒരു മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഗ്യാസ് ലീക്ക് ആയ അവസരത്തില്‍ ഫ്രിഡ്ജ് ഓട്ടോമാറ്റിക്കായി റീ സ്റ്റാര്‍ട്ടായി സിലിണ്ടറിലേക്ക് തീ പടർന്നതാവാമെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം. അടുക്കള ഭാഗത്തിന് സമീപത്ത് വെച്ചിരുന്ന ഫ്രിഡ്ജും മൈക്രോവേവ് ഓവനും മറ്റ് അടുക്കള സാമഗ്രികളും കത്തിനശിച്ചു.
അടുക്കള ഭാഗത്തുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളിലൊന്ന് തെറിച്ച് പുറത്തേക്ക് പോയി. രണ്ടാമത്തെ സിലിണ്ടര്‍ സേനാംഗങ്ങള്‍ പുറത്തെത്തിച്ച് ചോര്‍ച്ച മാറ്റിയശേഷം ഗ്യാസ് ഏജന്‍സിയെ ഏല്‍പ്പിച്ചു. വിശദ പരിശോധനക്കുശേഷമേ തീപിടിത്തത്തിന്റെ യധാര്‍ഥ കാരണം വ്യക്തമാകൂ. തീപിടിത്തത്തിലും പൊട്ടിത്തെറിയിലും അടുക്കളയുടെ ചുമര് പൂര്‍ണമായി തകര്‍ന്നു. സമീപത്തെ മതിലിനും കേടുപാടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍നിന്ന് ഓഫിസര്‍മാരായ നിതിന്‍രാജ്, അനീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

