സൈബര്‍ തട്ടിപ്പ് സംഘത്തിലെ ഇടനിലക്കാരന് പിടിയില്‍
text_fieldsപാറശ്ശാല: സൈബര്‍ സാമ്പത്തിക തട്ടിപ്പ് സംഘത്തിലെ ഇടനിലക്കാരിലൊരാള്‍ പാറശ്ശാലയില്‍ പിടിയില്‍. ഊരമ്പ്, ചൂഴാല്‍ സ്വദേശി രാജനാണ് പിടിയിലായത്. ഓപറേഷന് സൈ ഹണ്ടിലൂടെ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. തട്ടിപ്പ് സംഘങ്ങള്‍ക്ക് പാസ് ബുക്കും എ.ടി.എം. ഉള്‍പ്പെടെ സംഘടിപ്പിച്ച് നല്‍കിയിരുന്നത് രാജനാണ്. അന്തര്‍ദേശീയ തലത്തില്‍ ഉള്‍പ്പെടെ തട്ടിപ്പ് നടത്തി പ്രതിമാസം രാജന് സമ്പാദിച്ചിരുന്നത് 20 ലക്ഷത്തിലധികം രൂപയായിരുന്നു. നെയ്യാറ്റിന്‍കരയിലെ ഒരു ദേശസാല്‍ക്കരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍. ഇവിടെയെത്തുന്ന സാധാരണക്കാരായ ഇടപാടുകാരുടെ പാസ്ബുക്കും എ.ടി.എം കാര്‍ഡുകളും ഉള്‍പ്പെടെ തന്ത്രത്തില്‍ കൈവശപ്പെടുത്തിയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.
രാജ്യത്തിന് പുറത്തും അകത്തും വലവിരിച്ചിട്ടുള്ള സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ അപഹരിച്ചെടുക്കുന്ന തുകകള്‍ രാജന് കൈവശപ്പെടുത്തിയിരിക്കുന്ന അക്കൗണ്ടുകളില്‍ വന്നുചേരും. ഇത്തരത്തില്‍ വരുന്ന പണം പിന്‍വലിച്ച് സൈബര്‍ മോഷ്ടാക്കളുടെ അക്കൗണ്ടിലേക്ക് എത്തിച്ചു നല്കുന്ന ഇടനിലക്കാരനായാണ് രാജന് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പാറശാല പോലീസ് പറയുന്നത്.
തട്ടിപ്പ് സജീവമാക്കാന്‍ രാജന് ജില്ലക്ക് അകത്തും പുറത്തുമായി നിരവധി ബാങ്ക് അക്കൗണ്ടുകളും സ്വന്തമായി സംരക്ഷിച്ചുവന്നിരുന്നു. കഴിഞ്ഞ ദിവസം കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ സൈ ഹണ്ടിലൂടെയാണ് രാജനിലേക്ക് എത്തിയത്. പരിശോധനക്കിടെ ഷെഫീക്ക് എന്ന യുവാവിനെ പാറശാല പോലീസ് പിടികൂടിയിരുന്നു. രാജന്റെ ഏജന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന ഷെഫീക്കിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് രാജനെകുറിച്ചുള്ള സൂചന ലഭിക്കുന്നത്. ഷെഫീഖ് നിലവില്‍ റിമാന്‍ഡിലാണ്. സംഘത്തില്‍ ചൈനയില്‍ ഉള്‍പ്പെടെയുള്ള മലയാളികളെകുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പാറശ്ശാല എസ്.ഐ. ദിപുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

