ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടിയെ സ്‌കൂളിൽ തടഞ്ഞുവെച്ചു; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി
text_fieldsതിരുവനന്തപുരം: പരീക്ഷക്കിടെ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട വിദ്യാർഥിനിയെ അധ്യാപകർ ആശുപത്രിയിൽ പോകാൻ അനുവദിക്കാതെ തടഞ്ഞുവെച്ചതായി പരാതി. സ്‌കൂൾ ഗെയിംസിൽ നേട്ടങ്ങൾ കൊയ്ത ബാഡ്മിന്‍റൺ താരം കൂടിയായ നേഹ കൃഷ്ണയെന്ന വിദ്യാർഥിനിക്കാണ് അധ്യാപകരിൽനിന്ന് ദുരനുഭവം.
കുട്ടിയുടെ മാതാവായ ബിസ്മി കൃഷ്ണ തന്‍റെ ഫേസ്ബുക്കിലൂടെയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. മാതാവ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കും നേരിൽ കണ്ട് പരാതി നൽകിയതോടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബുവിനെ മന്ത്രി ചുമതലപ്പെടുത്തി.
തിരുവനന്തപുരം കോട്ടൺഹിൽ ഗവ. സ്കൂളിൽ പരീക്ഷക്കിടെ അലർജിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച നേഹയെ അധ്യാപകർ ആശുപത്രിയിൽ പോകാൻ അനുവദിക്കാതെ നിർബന്ധപൂർവം തടഞ്ഞുവെച്ചതായും കുട്ടി കള്ളം പറയുകയാണെന്ന ധാരണയിൽ അപമാനിച്ചതായും ബിസ്മി ആരോപിക്കുന്നു.
കോവിഡ് പിടിപെട്ടതിനുശേഷം കുട്ടിക്ക് അലർജിയുടെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. അലർജിയുടെ ലക്ഷണങ്ങൾ പ്രകടമായാൽ വൈദ്യസഹായത്തോടെ മാത്രം സാധാരണ നിലയിലേക്ക് മടങ്ങിവരാവുന്ന അവസ്ഥയിലായിരുന്നു നേഹ.
വൈകീട്ട് 3.20ന് തന്റെ ബുദ്ധിമുട്ട് കുട്ടി അധ്യാപകരെ അറിയിച്ചിട്ടും നാല് മണി കഴിഞ്ഞാണ് അധ്യാപകർ രക്ഷാകർത്താക്കളെ വിവരമറിയിച്ചത്. തന്റെ ആരോഗ്യപ്രശ്നം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായ അധ്യാപകരോടും പ്രിൻസിപ്പലിനോടും പറഞ്ഞപ്പോൾ 'പരീക്ഷക്ക് പഠിച്ചില്ലേ?,
അതുകൊണ്ടാണോ?' എന്ന് ചോദിച്ച് കുട്ടിയെ അപമാനിച്ചതായും ബിസ്മി കൃഷ്ണ ആരോപിക്കുന്നു. നേഹയെ വീട്ടിലെത്തി സന്ദർശിച്ച മന്ത്രി വളരെ ഗൗരവമായിതന്നെ പരാതി പരിഗണിക്കുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

