ചികിത്സ പിഴവ്: മെഡിക്കൽ ബോർഡിനെതിരെ യുവതിയുടെ കുടുംബം, നിയമനടപടിക്കും ആലോചന
text_fieldsതിരുവനന്തപുരം: വയറിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ മെഡിക്കൽ ബോർഡിനെതിരെ യുവതിയുടെ കുടുംബം. കുറ്റക്കാരായ ക്ലിനിക് അധികൃതരെ വെള്ളപൂശും വിധമാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് തയാറാക്കിയതെന്നാണ് ആക്ഷേപം. നീതിക്കായി കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി.
മെഡിക്കൽ ബോർഡ് ചികിത്സാവീഴ്ച മറച്ചുവെച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ചികിത്സപിഴവല്ല, ബി.പിയിൽ ഉണ്ടായ വ്യതിയാനത്തിൽ മതിയായ ചികിത്സ നൽകിയില്ല എന്നതാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. അതേസമയം, ജില്ലതല എത്തിക്സ് കമ്മിറ്റി കൈമാറിയ മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ വ്യക്തത തേടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ജില്ലതല എത്തിക്സ് കമ്മിറ്റിയിൽ വ്യത്യസ്ത അഭിപ്രായമാണ് റിപ്പോർട്ടിനെക്കുറിച്ച് ഉയർന്നത്. ഇതടക്കം വിയോജനക്കുറിപ്പോടെയാണ് മെഡിക്കൽ ബോർഡ് ശിപാർശ അന്വേഷണ ഉദ്യോഗസ്ഥനായ കഴക്കൂട്ടം എ.സി.പി കെ.ജെ. ദിനിലിന് കൈമാറിയത്.
ഇത്തരത്തിൽ വിയോജിപ്പുണ്ടെങ്കിൽ സ്വാഭാവികമായും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തത തേടണം. ഈ ഘട്ടത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ, അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരും ഇവർ നിശ്ചയിക്കുന്ന ഫോറൻസിക് സർജനും ഉൾപ്പെടുന്ന സംസ്ഥാനതല എത്തിക്സ് കമ്മിറ്റി വിഷയം പരിശോധിക്കും. തുടർന്ന് വിദഗ്ധരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കണം.
അതിനിടെ ആരോപണവിധേയമായ ക്ലിനിക്കിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ വിശദമായ മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചു. വരുംദിവസങ്ങളിൽ ഡോക്ടർമാരെയും നഴ്സുമാരെയും വിളിച്ചുവരുത്തും. ഇതോടൊപ്പം യുവതിയെ ഇപ്പോൾ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെയും മൊഴിയെടുക്കും. അനന്തപുരി ആശുപത്രിയിൽ ഐ.സി.യുവിലായിരുന്ന യുവതിയെ ചൊവ്വാഴ്ച വാർഡിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

