മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവിന് ക്രൂരമർദനം
text_fieldsമെഡിക്കൽ കോളജ്: എസ്.എ.ടി ആശുപത്രി വളപ്പിൽ കിടന്നുറങ്ങിയ യുവാവിനെ അക്രമിസംഘം മർദിച്ചവശനാക്കി. വിളപ്പിൽശാല സ്വദേശി അനന്തു (18)വിനാണ് മർദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ പീഡിയാട്രിക് കാഷ്വാലിറ്റിക്ക് സമീപമാണ് സംഭവം. ആശുപത്രിക്കു പുറത്തു ബെഞ്ചിൽ കിടന്നുറങ്ങിയ യുവാവിനെ നാലുപേർ ചേർന്ന് വലിച്ചിഴച്ച് എതിർവശത്തുള്ള ഗൈനക് ഒ.പി. കെട്ടിടത്തിനു പിന്നിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു. പട്ടികക്കഷണം കൊണ്ടുള്ള മർദനത്തിൽ കാലിനു സാരമായി പരിക്കേറ്റ യുവാവിനെ പൊലീസ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ചു. യുവാവ് കുറച്ചു ദിവസങ്ങളായി ആശുപത്രി പരിസരത്തുണ്ടെന്നും എന്നാൽ, രോഗിയുടെ കൂട്ടിരിപ്പുകാരനായി വന്നതല്ലെന്നുമാണ് പൊലീസിനു ലഭിച്ച വിവരം. അകാരണമായാണ് ഇവർ തന്നെ ആക്രമിച്ചതെന്നും മർദിച്ചവരിൽ ഒരാളെ കണ്ടാൽ തിരിച്ചറിയാമെന്നും മറ്റുള്ളവരെ അറിയില്ലെന്നും യുവാവ് പൊലീസിനോടു പറഞ്ഞു. യുവാവിന്റെ മൊഴിയെടുത്ത ശേഷം കേസെടുക്കാനാണ് പൊലീസ് തീരുമാനം.

