ഗതാഗത മന്ത്രിയെ മേയർ കണ്ടു; ഇ-ബസ് ഇങ്ങനെതന്നെ ഓടും
text_fieldsതിരുവനന്തപുരം: ഇ-ബസ് വിവാദങ്ങൾക്ക് പിന്നാലെ ഗതാഗത മന്ത്രി കെ.ബി ഗണേഷ്‍കുമാറുമായി തിരുവനന്തപുരം മേയർ വി.വി രാജേഷ് കൂടിക്കാഴ്ച നടത്തി. ഇലക്ട്രിക് ബസുകളുടെ സര്‍വിസ് നിലവിലെ രീതിയിൽ തുടരാനാണ് ചര്‍ച്ചയിൽ ധാരണയായത്. എല്ലാ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തിയതെന്ന് മേയര്‍ വി.വി രാജേഷ് പറഞ്ഞു. ബസുകളുടെ റൂട്ടുകളിലടക്കം മന്ത്രിയെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. കോർപ്പറേഷനിൽ ബി.ജെ.പി അധികാത്തിലെത്തിയതോടെയാണ് സ്മാർട്ട്സിറ്റി പദ്ധതിപ്രകാരം കോർപറേഷന് ലഭിച്ച ഇ-ബസുകളുടെ നടത്തിപ്പ് വിവാദമായത്.
നഗരത്തിലെ ഇടറോഡുകളിലൂടെ ഉൾപ്പെടെ ഓടിയിരുന്ന 113 ബസുകൾ ലാഭകരമല്ലെന്ന് വിലയിരുത്തി ഇവ മറ്റുസ്ഥലങ്ങളിലേക്ക് ഓടിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരുന്നു. ഇത് മേയർ വി.വി രാജേഷ്ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മറ്റ് ഡിപ്പോകൾക്കു നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നായിരുന്നു കോര്‍പ്പറേഷന്‍റെ ആവശ്യം. നഗരത്തിലെ ജനങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയിൽ സര്‍വീസ് നടത്തേണ്ടതുണ്ടെന്നും ലാഭവിഹിതം കോര്‍പറേഷന് നൽകുന്നതിൽ വീഴ്ചയുണ്ടെന്നും നേരത്തെ വി.വി രാജേഷ് വ്യക്തമാക്കിയിരുന്നു.
എന്നാൽ കോർപറേഷൻ ആവശ്യപ്പെട്ടാൽ ഇ-ബസുകള്‍ 24 മണിക്കൂറിനുള്ളിൽ തിരിച്ചു നൽകുമെന്നും പകരം ബസുകള്‍ കെ.എസ്.ആർ.ടി.സി ഇറക്കുമെന്നും മന്ത്രി കെ.ബി ഗണേഷ്‍കുമാര്‍ മറുപടിയും നൽകി. തുടര്‍ന്ന് ഇ-ബസുകള്‍ നിര്‍ത്തിയിടാൻ കോര്‍പറേഷന് ഒരുപാട് സ്ഥലമുണ്ടെന്നും അത്തരത്തിൽ ബസ് തിരിച്ചെടുക്കാൻ ഉദ്ദേശമില്ലെന്നും മേയറും തിരിച്ചടിച്ചു. ഇ- ബസിൽ കരാര്‍ പാലിക്കണമെന്ന മേയറുടെ നിലപാടിന് പിന്നാലെ മന്ത്രി കണക്കുനിരത്തി വീണ്ടും രംഗത്തെത്തിയതോടെ വിവാദം കനത്തു. ബസിന്‍റെ കണക്കു പറഞ്ഞ് അങ്ങ് കൊടുത്തേക്കാമെന്ന് പറഞ്ഞപ്പോൾ ആർക്കും വേണ്ടന്നായിരുന്നു ഗണേഷ്‍കുമാറിന്‍റെ പ്രതികരണം. ബസ് സര്‍വിസ് വിവാദം തുടരുന്നതിനിടെയാണ് ഇരുവരും തമ്മിൽ നിര്‍ണായക കൂടിക്കാഴ്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

