മാനവീയം വീഥിയെ കുളം തോണ്ടി കോർപറേഷൻ
text_fieldsതകർന്ന മാനവീയം റോഡ്
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടനാഴിയെ കുഴിച്ച് കുളം തോണ്ടിയിട്ടും അനക്കമില്ലാതെ തിരുവനന്തപുരം കോർപറേഷൻ. സ്മാർട്ട് സിറ്റിയുടെ പേരും പറഞ്ഞ് പണിതു തുടങ്ങിയ റോഡിൽ രണ്ടുവർഷമായി നടുവൊടിഞ്ഞ് യാത്രചെയ്യേണ്ട ഗതികേടിലാണ് നഗരവാസികളും ഉദ്യോഗസ്ഥരും.
സാംസ്കാരിക കൂട്ടായ്മകളുടെ കൂടിച്ചേരൽ കേന്ദ്രവും പ്രതിഷേധത്തിന്റെ വേദിയുമായ മാനവീയം വീഥിയെ സാംസ്കാരിക തെരുവ് ആക്കുന്നതിനുള്ള പദ്ധതി വി.കെ. പ്രശാന്ത് മേയറായിരുന്ന കാലത്താണ് ആരംഭിച്ചത്.
സ്മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ വഴിയോര ലൈബ്രറി, ആർട്ട് ഗാലറി, അമ്മമാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനുള്ള മുറി, ഇലക്ട്രോണിക് സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറി, ഫുഡ് കിയോസ്ക്, സൈക്കിൾ പാർക്കിങ് കേന്ദ്രം, ടോയ്ലെറ്റ്, കുടിവെള്ള കിയോസ്കുകൾ എന്നിവയായിരുന്നു വിഭാവനം ചെയ്തത്.
ആദ്യഘട്ടത്തിൽ 1.4 കോടിയും അനുവദിച്ചു. എന്നാൽ, പണിക്കായി റോഡ് വെട്ടിപ്പൊളിച്ചതല്ലാതെ രണ്ടുവർഷത്തിലേറെയായി പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നിട്ടില്ല. മാത്രമല്ല, റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള ഇച്ഛാശക്തിപോലും നിലവിലെ ഭരണസമിതിക്കുണ്ടായില്ല.
മഴക്കാലത്ത് ഓടകളിൽ വെള്ളം നിറഞ്ഞ് യാത്രചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ മഴക്കാലത്ത് കുഴിനിറഞ്ഞ റോഡിൽ വീണ് നിരവധി ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റതായി മ്യൂസിയം പൊലീസ് പറയുന്നു.
ഒരുവർഷം കൊണ്ട് മാനവീയം വീഥി നവീകരിച്ചശേഷം എല്ലാവർഷവും മാനവീയം കലോത്സവം സംഘടിപ്പിക്കുമെന്നായിരുന്നു മേയർ ആര്യ രാജേന്ദ്രന്റെ കഴിഞ്ഞ വർഷത്തെ പ്രഖ്യാപനം. നഗരവാസികളുടെ മാനവീയ ഉല്ലാസത്തിന്റെ പൊതുവേദിയായി മാനവീയംവീഥിയെ മാറ്റുമെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജുവും ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന്റെ ഭാഗമായി 2022ൽ കലോത്സവം സംഘടിപ്പിക്കുന്നതിന് ബജറ്റിൽ 10 ലക്ഷവും വകയിരുത്തി. എന്നാൽ, എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി. കലോത്സവം നടത്തിയില്ലെങ്കിലും അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കി തരണമെന്നാണ് മാനവീയം തെരുവോരകൂട്ടായ്മയുടെയും നഗരവാസികളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

