ബസ് കണ്ടക്ടറെ മർദിച്ച പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറെ മർദിച്ച് ഡ്യൂട്ടിക്ക് തടസ്സം വരുത്തിയ പ്രതിയെ പൊലീസ് പിടികൂടി. വിഴിഞ്ഞം ചൊവ്വര സുന്ദര വിലാസത്തിൽ രാജ്മോഹനെ(33)യാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ എട്ടിനാണ് പൂവാർ-വിഴിഞ്ഞം-തിരുവനന്തപുരം റൂട്ടിലെ ബസ് കണ്ടക്ടറായ നേമം സ്വദേശി അനിൽകുമാറിന് ബസിൽ മർദനമേറ്റത്.
യാത്രക്കാരനായ പ്രതിക്ക് ചില്ലറ ഇല്ലാത്തതിനാൽ ബാക്കി പിന്നെ കൊടുക്കാമെന്ന് പറഞ്ഞതിന് കണ്ടക്ടറുമായി വഴക്കുണ്ടാക്കുകയും തുടർന്ന് മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വിഴിഞ്ഞം എസ്.എച്ച്.ഒ രമേശ്, എസ്.ഐമാരായ രാജേഷ്, ബാലകൃഷ്ണൻ ആചാരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.