കഠിനംകുളത്ത് മദ്യപസംഘം ഒരാളെ തലക്കടിച്ച് പരിക്കേൽപിച്ചു
text_fieldsതിരുവനന്തപുരം: കഠിനംകുളത്ത് മദ്യപസംഘം ബിയർ കുപ്പികൊണ്ട് തലക്കടിച്ച് ഒരാളെ പരിക്കേൽപിച്ചു. വീടും ആക്രമിച്ചു. ശാന്തിപുരം സ്വദേശി ജയ്സണാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ ശാന്തിപുരത്താണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാലിസ്റ്റിലുള്ള പ്രശാന്ത് എന്നയാളെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ ജയ്സണെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയ്സണിന്റെ വീടിന്റെ ജനൽച്ചില്ലുകളും ആക്രമണത്തിൽ തകർന്നു.
മുമ്പ് വീടിന്റെ മുൻവശത്തെ റോഡിൽ പ്രശാന്ത് ഉൾപ്പെട്ട സംഘം മദ്യപിക്കുന്നത് ജയ്സൺ ചോദ്യം ചെയ്തിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയതിനാൽ മദ്യപസംഘത്തെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. തുടർന്നുണ്ടായ വൈരാഗ്യത്തെതുടർന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

