ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക; സെക്രട്ടേറിയറ്റിന് മുന്നിൽ കെ.പി.എസ്.ടി.എ സത്യഗ്രഹം തുടങ്ങി
text_fieldsഉച്ചഭക്ഷണ തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ത്രിദിന സത്യഗ്രഹം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം
ചെയ്യുന്നു
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയെന്നും വറചട്ടിയിൽനിന്ന് എരിതീയിലേക്കെന്ന അവസ്ഥയിൽ പൊതുവിദ്യാഭ്യാസ മേഖലയെ എത്തിച്ചിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന സമിതിയുടെ ത്രിദിന സത്യഗ്രഹം സെക്രട്ടേറിയറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനപ്രശ്നങ്ങളെ കുറിച്ച് അറിയാത്ത മന്ത്രി പൊതു വിദ്യാഭ്യാസത്തിന്റെ അന്തകനായി മാറുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നതെന്നും വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി തയാറാവണമെന്നും മുഖ്യപ്രഭാഷണം നടത്തിയ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ഉച്ചഭക്ഷണ തുക വർധിപ്പിക്കുക, പ്രൈമറി പ്രഥമാധ്യാപകർക്ക് സ്കെയിലും ആനുകൂല്യങ്ങളും വിതരണം ചെയ്യുക, ഡി.എ കുടിശ്ശിക വിതരണം ചെയ്യുക, 9,10 ക്ലാസുകളിൽ അധ്യാപക വിദ്യാർഥി അനുപാതം 1:40 പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
ചാണ്ടി ഉമ്മൻ എം.എൽ.എ, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ എൻ. ശ്യാംകുമാർ, വി.എം. ഫിലിപ്പച്ചൻ, ടി.എ. ഷാഹിദ റഹ്മാൻ, കെ. രമേശൻ, പി.വി. ഷാജിമോൻ, എൻ. രാജ്മോഹൻ, ബി. സുനിൽകുമാർ, വി.ഡി. അബ്രഹാം, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, സാജു ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

