തീപാറും പോര്, കളം നിറഞ്ഞ് സ്ഥാനാർഥികൾ
text_fieldsവട്ടിയൂർക്കാവ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്ന എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനെ സ്വീകരിക്കുന്നവർ
തിരുവനന്തപുരം: രണ്ടാംഘട്ട പര്യടനം തുടങ്ങിയതോടെ തലസ്ഥാനത്തെ തെരഞ്ഞെടുപ്പുചൂട് പാരമ്യത്തിലേക്ക്. ആരോപണ പ്രത്യാരോപണങ്ങളും ചൂടേറിയ വാഗ്വാദങ്ങളുമായി കളത്തിൽ തീപാറുകയാണ്. വികസനപ്രശ്നങ്ങളും ദേശീയ രാഷ്ട്രീയവും മുതൽ സിദ്ധാർഥന്റെ മരണവും കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിെന്റ സമരവുമടക്കം ചർച്ചകളിൽ നിറയുകയാണ്.
നെയ്യാറ്റിൻകര, ചെങ്കൽ മേഖലകളിലായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിന്റെ പര്യടനം. ട്രിവാൻഡ്രം ക്ലബിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തതിനുശേഷമാണ് തരൂർ പ്രചാരണപരിപാടികൾക്കായി നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലേക്കെത്തിയത്.
ഉദിയൻകുളങ്ങരയിൽനിന്നാണ് പ്രയാണം തുടങ്ങിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വർണശബളവും ആവേശകരവുമായ സ്വീകരണമാണ് ഉദിയൻകുളങ്ങര ജങ്ഷനിൽ സ്ഥാനാർഥിക്കായി ഒരുക്കിയത്. പൂഴിക്കുന്നിലായിരുന്നു ഉച്ചഭക്ഷണം. ഉച്ചക്കുശേഷം ഉൗരൻവിളയിൽനിന്നാണ് പര്യടനം തുടങ്ങിയത്. 75 സ്വീകരണയോഗങ്ങളാണ് ചെങ്കൽ ബ്ലോക്കിൽ മാത്രം സജ്ജമാക്കിയിരുന്നത്.
ആരവങ്ങൾക്കുനടുവിലൂടെയായിരുന്നു ഇടതുസ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ വട്ടിയൂർക്കാവ് മണ്ഡല പര്യടനം. രാവിലെ എട്ടിന് കണ്ണമ്മൂലയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിനുപേർ സ്ഥാനാർഥിയെ വരവേറ്റു. ഷാളും ചുവന്ന റിബണും റോസാപ്പൂക്കളുമെല്ലാം അണിയിച്ചായിരുന്നു വരവേൽപ്പ്. വി.കെ. പ്രശാന്ത് എം.എൽ.എ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
മണ്ഡലത്തിലെ വികസനവിഷയങ്ങൾ ചർച്ചയാക്കിയാണ് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പര്യടനം. രാവിലെ മഞ്ചവിളാകത്തെ നെയ്ത്തുശാലകളും കശുവണ്ടി ഫാക്ടറികളും സന്ദർശിച്ച സ്ഥാനാർഥി അവിടത്തെ ജീവനക്കാരുടെ പിന്തുണ ആവശ്യപ്പെട്ടു. കുന്നത്തുകാൽ ഗുരുദേവ പ്രതിഷ്ഠാവാർഷികത്തിലും പാലിയോട് ജങ്ഷനിലെ ബി.ജെ.പി പതാക ദിനാഘോഷത്തിലും പങ്കെടുത്തു. മാരായമുട്ടം നീലകേശി ഓഡിറ്റോറിയത്തിൽ നടന്ന കുടുംബയോഗത്തിലുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

