തദ്ദേശ തെരഞ്ഞെടുപ്പ്: മേൽക്കോയ്മ നിലനിർത്താൻ ഇടത്; വിജയ പ്രതീക്ഷയുമായി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജനഹിതം ഉറപ്പാക്കാനുള്ള തന്ത്രങ്ങളുടെ തയാറെടുപ്പിൽ മുന്നണികൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ മേൽക്കോയ്മ ഇക്കുറിയും നിലനിർത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. സംസ്ഥാന സർക്കാറിന്‍റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വോട്ടർമാർക്കിടയിലേക്കിറങ്ങാമെന്നും അത് വോട്ടായി മാറുമെന്നും അവർ കരുതുന്നു.
യു.ഡി.എഫ് ആകട്ടെ സംസ്ഥാന സർക്കാറിന്‍റെ ജനവിരുദ്ധ ഭരണം ഉയർത്തിക്കാട്ടുന്നതിനൊപ്പം തദ്ദേശസ്ഥാപനങ്ങളിലെ വികസന മുരടിപ്പും പ്രചാരണ വിഷയമാക്കാമെന്ന കണക്കുകൂട്ടലിലാണ്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ മിക്കയിടത്തും പ്രവർത്തന മേഖല വിപുലമായുണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്കായിരുന്നില്ല. തിരുവനന്തപുരം കോർപറേഷനിലും ആറ്റിങ്ങൽ നഗരസഭയിലുമടക്കം നിർണായക ശക്തിയായി മാറിയെങ്കിലും ഭൂരിഭാഗം പഞ്ചായത്തുകളിലും ബി.ജെ.പി പ്രതീക്ഷിച്ച വോട്ട് അവർക്ക് കിട്ടിയില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയതിന് സമാനമായി 50 ൽ അധികം സീറ്റുകൾ ഇക്കുറിയും നേടാനാവുമെന്നാണ് ഇടതുക്യാമ്പുകളുടെ വിലയിരുത്തൽ. കോർപറേഷനിൽ പ്രധാന പ്രതിപക്ഷമായ ബി.ജെ.പി ഇത്തവണ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലെത്താനുള്ള തന്ത്രങ്ങൾ മെനയുകയാണ്. എന്നാൽ കഴിഞ്ഞവട്ടം പത്ത് സീറ്റുകളിലേക്ക് ചുരുക്കിയ യു.ഡി.എഫ് ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങുന്നത്.
സാധാരണ തദ്ദേശതെരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർഥി പട്ടിക പുറത്തിറക്കാറുള്ളത് ഇടതുപക്ഷമാണെങ്കിൽ കോർപറേഷനിലെ യു.ഡി.എഫ് നീക്കം അപ്രതീക്ഷിതമായിരുന്നു. സി.പി.എമ്മും ബി.ജെ.പിയും സ്ഥാനാർഥി നിർണയചർച്ചകളിൽ ചുറ്റിത്തിരിയുന്നഘട്ടത്തിൽ മുൻ എം.എൽ.എ ശബരീനാഥൻ ഉൾപ്പെടെയുള്ളവരുടെ സ്ഥാർഥിപട്ടിക കോൺഗ്രസ് പുറത്തിറക്കി. സ്ഥാനാർഥി നിർണയത്തിൽ പതിവ് അസംതൃപ്തികൾ പലേടത്തുമുണ്ടെങ്കിലും ‘വിജയം’ പരമപ്രധാനമായതിനാൽ വിമതനീക്കം ഉണ്ടാവില്ലെന്നുതന്നെയാണ് പാർട്ടി നേതൃത്വത്തിന്‍റെ പ്രതീക്ഷ.
ജില്ലയിലെ നാല് നഗരസഭകളിലും ഭരണം തുടരാനാവുമെന്ന് കരുതുന്ന ഇടതുപക്ഷം വിജയസാധ്യതയുള്ള സ്ഥാനാർഥികളെയാണ് രംഗത്തിറക്കാൻ ഉദ്ദേശിക്കുന്നത്. ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്, നെയ്യാറ്റിൻകര നഗരസഭകളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് പാർട്ടിയുടെ പൊതുവെയുള്ള നിഗമനം.
നാല് നഗരസഭകളിലും കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പ് ഫലമല്ല ഉണ്ടാവുകയെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ട വിജയം നേടാവുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് പൊതുവെയുള്ളതെന്നും പ്രാദേശികഘടങ്ങൾ നഗരസഭകളിലെ പ്രവർത്തനങ്ങിൽ കൂടുതൽ ശ്രദ്ധപുലർത്താൻ യു.ഡി.എഫ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. 26ൽ 20 സീറ്റും കൈവശമുള്ള എൽ.ഡി.എഫിന്‍റെ ഉറച്ചകോട്ടയായ ജില്ല പഞ്ചായത്തിൽ ശക്തിതെളിയിക്കാനുള്ള മുന്നൊരുക്കങ്ങൾ യു.ഡി.എഫ് നടത്തുന്നു.
ജില്ല പഞ്ചായത്തിൽ സംപൂജ്യരായ നിലവിലെ സ്ഥിതിയിൽ മാറ്റം വേണമെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി കരുക്കൾ നീക്കുന്നത്. ജില്ലയിലെ 73 പഞ്ചായത്തുകളിൽ ഭൂരിപക്ഷത്തിലും നിലവിൽ ഭരണത്തിലുള്ള ഇടതുമുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം ഇത്തവണയും പ്രതീക്ഷിക്കുമ്പോൾ പ്രാദേശികമായ അനുകൂല സാഹചര്യങ്ങൾ വോട്ടാക്കി മാറ്റാനുള്ള തീവ്രശ്രമമാവും യു.ഡി.എഫിൽ നിന്ന് ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

