നേട്ടം കൊയ്ത് എൻ.ഡി.എ; തിരിച്ചടിയിൽ പകച്ച് എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇടതുമേൽക്കോയ്മക്ക് തിരിച്ചടി. ഏറെ ശ്രദ്ധയാകർഷിച്ച കോർപറേഷനിൽ എൻ.ഡി.എ ഒന്നാമതെത്തിയപ്പോൾ നാല് നഗരസഭകളിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. ജില്ല പഞ്ചായത്തിൽ ഭരണത്തുടർച്ച ഇടതിന് ലഭിച്ചുവെങ്കിലും സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് യു.ഡി.എഫ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. ബ്ലോക്ക് പഞ്ചായത്തുകളിൽ ആറിടത്ത് യു.ഡി.എഫ് വിജയിച്ചപ്പോൾ അഞ്ചിടത്തായി എൽ.ഡി.എഫ് വിജയം ചുരുങ്ങി. ഗ്രാമപഞ്ചായത്തുകളിലു എൽ.ഡി.എഫിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. എന്നാൽ എൻ.ഡി.എയും ബി.ജെ.പിയും സീറ്റ് വിഹിതം വർധിപ്പിച്ചു.
തലസ്ഥാന ജില്ല ഉറപ്പായും ഒപ്പം നിൽക്കുമെന്ന എൽ.ഡി.എഫ് പ്രതീക്ഷകൾ തകർക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം. കോർപറേഷനിൽ സമാനതകളില്ലാത്ത തിരിച്ചടി നേരിട്ടതിനൊപ്പം ത്രിതല പഞ്ചായത്തുകളിലുണ്ടായ സീറ്റ് നഷ്ടവും വോട്ട് ചോർച്ചയും അപ്രതീക്ഷിതമായിരുന്നു. ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്, നെയ്യാറ്റിൻകര നഗരസഭകളിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തായെങ്കിലും കോർപറേഷനിലെ തിരിച്ചടി ഈ വിജയത്തിന്‍റെ തിളക്കം കുറച്ചു. ആറ്റിങ്ങലിൽ നിലവിലുണ്ടായിരുന്ന 20 സീറ്റ് 16 ആയി കുറഞ്ഞത് എൽ.ഡി.എഫ് ഗൗരവമായി കാണുന്നു. വർക്കലയിൽ എൻ.ഡി.എ ശക്തമായ മത്സരം കാഴ്ചവച്ചുവെങ്കിലും എൽ.ഡി.എഫിന് ഭരണത്തിലെത്തിനായി. ഇവിടെ എൽ.ഡി.എഫ് 16 സീറ്റ് നേടിയപ്പോൾ എൻ.ഡി.എ 10സീറ്റ് നേടിയാണ് പ്രധാന പ്രതിപക്ഷമായത്. നെടുമങ്ങാട് 29 സീറ്റ് നേടിയാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്.
എൽ.ഡി.എഫിന് വെല്ലുവിളി ഉയർത്തി ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും പത്ത് ഇടത്ത് മാത്രമേ യു.ഡി.എഫിന് വിജയിക്കാനായുള്ളൂ. നെയ്യാറ്റിൻകരയിൽ 25 സീറ്റ് നേട 2020 നെ അപേക്ഷിച്ച് മെച്ചപ്പെട്ട വിജയം നേടി. എന്നാൽ 17 സീറ്റുണ്ടായിരുന്ന യു.ഡി.എഫിന് 12 സീറ്റുകളിലാണ് വിജയം നേടാനായത്. യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് തലത്തിൽ കാര്യമായ മുന്നേറ്റം നടത്തി. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിൽ 52 ഇടത്ത് ഭരണമുണ്ടായിരുന്നത് തെരഞ്ഞെടുപ്പ് കമീഷന്‍റെ ആദ്യ കണക്ക് പ്രകാരം 35 ആയി ചുരുങ്ങി. 18 ഗ്രാമപഞ്ചായത്തുകളുണ്ടായിരുന്ന യു.ഡി.എഫ് 25ന് മുകളിലേക്ക് എണ്ണം വർധിപ്പിച്ചു. രണ്ട് പഞ്ചായത്തുകളുണ്ടായിരുന്ന എൻ.ഡി.എ ആറിടത്ത് ഒന്നാമതെത്തി. ആർക്കും ഭൂരിപക്ഷമില്ലാത്ത ഏഴ് പഞ്ചായത്തുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

