ആനാടിൽ വിജയം തേടി മുന്നണികൾ
text_fieldsനെടുമങ്ങാട്: ഇടതു വലതു മുന്നണികളെ മാറിമാറി തുണച്ചിട്ടുള്ള ആനാട് ജില്ല പഞ്ചായത്തു ഡിവിഷനിൽ ഇക്കുറി ശക്തമായ പോരാട്ടം. വാമനപുരം, അരുവിക്കര, നെടുമങ്ങാട് നിയോജകമണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വലിയ ഡിവിഷനാണിത്. പനവൂർ പഞ്ചായത്തിലെ 16 വാർഡും ആനാട് പഞ്ചായത്തിലെ 20 വാർഡും തൊളിക്കോട് പഞ്ചായത്തിലെ 13 വാർഡും വെമ്പായം പഞ്ചായത്തിലെ അഞ്ച് വാർഡും ഉഴമയല്ക്കൽ പഞ്ചായത്തിലെ ഏഴ് വാർഡും ഉൾപ്പെട്ട 61 വാർഡുകൾ ചേർന്നതാണ് ആനാട് ജില്ല പഞ്ചായത്ത് ഡിവിഷൻ. കർഷകരും കർഷക തൊഴിലാളികളും ഇടത്തരക്കാരും ഇടതിങ്ങിപ്പാർക്കുന്ന ഡിവിഷൻ 2020ലെ തെരഞ്ഞെടുപ്പിൽ ഇടതിനൊപ്പമായിരുന്നു.
വനിത സംവരണമായിരുന്ന ഡിവിഷനിൽ സി.പി.എമ്മിലെ എസ്. സുനിതയാണ് വിജയിച്ചത്. 4603 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി സാദിയ ബീവിയെയാണ് പരാജയപ്പെടുത്തിയത്. ഇക്കുറി ആനാട് ഡിവിഷൻ തിരിച്ചുപിടിക്കാൻ യു.ഡി.എഫ് ഡി.സി.സി ജനറൽ സെക്രട്ടറി തേക്കട അനിൽകുമാറിനെയാണ് കളത്തിലിറക്കിയത്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അനിൽ നെടുമങ്ങാട് അർബൻ ബാങ്ക് ചെയർമാനാണ്. 2015ൽ വെമ്പായം ഗ്രാമപഞ്ചായത്തിലെ വെട്ടുപാറ വാർഡ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട് ആരോഗ്യ-വിദ്യാഭ്യാസം സമിതി അധ്യക്ഷനായിരുന്നു. കോൺഗ്രസ് വെമ്പായം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ജില്ല കബഡി അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു.
ഡിവിഷൻ ഇടതിനൊപ്പം നിലനിർത്താൻ എൽ.ഡി.എഫ് നവാഗതനായ സി.പി.എമ്മിലെ ജെ. യഹിയയെയാണ് ചുമതലപ്പെടുത്തിയത്. എസ്.എഫ്.ഐയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. കലാലയ ജീവിതത്തിനുശേഷം മുഴുവൻ സമയ ഡി.വൈ.എഫ്.ഐ പ്രവർത്തകനായി തുടർന്നു. ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ആനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, മൂഴി മേഖല സെക്രട്ടറി, ബ്ലോക്ക് പ്രസിഡന്റ്, ജില്ല കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
സി.പി.എം കൊല്ല, വട്ടറക്കോണം ബ്രാഞ്ചുകളുടെ സെക്രട്ടറി, മൂഴി ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിലും ഏറെക്കാലം പ്രവർത്തിച്ചു.എൻ.ഡി.എക്കു വേണ്ടി ബി.ഡി.ജെ.എസ് അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റ് സുകുമാരൻ നായരാണ് സ്ഥാനാർഥി. നാടക കലാകാരനാണ്. 2015ൽ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ മുമ്പാല വാർഡിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

