അപരന്മാർ പാരയാകുമോ?
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഭരണ കസേരക്കായി മൂന്ന് മുന്നണികളും അരക്കെട്ട് മുറുക്കി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയതോടെ സ്ഥാനാർഥികൾക്ക് തലവേദനയായി അപരന്മാരും. കോർപറേഷനിലെ 101 വാർഡുകളിൽ 33 വാർഡുകളിലാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും പരസ്പരം അപരന്മാരെ രംഗത്തിറക്കി ചെക്ക് വെച്ചിരിക്കുന്നത്.
എൽ.ഡി.എഫിന് 15 വാർഡുകളിൽ തങ്ങളുടെ ഔദ്യോഗിക സ്ഥാനാർഥിയുടെ പേരിന് സാമ്യമുള്ള അപരന്മാരെ നേരിടേണ്ടിവരുമ്പോൾ യു.ഡി.എഫിന് 14 വാർഡുകളിലും ബി.ജെ.പിക്ക് 11 വാർഡുകളിലുമാണ് വോട്ടുതട്ടിയെടുക്കാൻ കളത്തിലിറങ്ങിയിട്ടുള്ള ‘സ്വതന്ത്ര’ന്മാരായ അപന്മാരെ നേരിടേണ്ടിവരുന്നത്.
ഒദ്യോഗിക സ്ഥാനാർഥികൾക്ക് എതിരെ നിൽക്കുന്ന അപന്മാരിൽ ഭൂരിഭാഗത്തിന്റെയും ചിഹ്നം താമരയോട് രൂപസാദൃശ്യം വരുന്ന റോസാപ്പൂവാണെന്നതും മേയർ കസേര സ്വപ്നം കാണുന്ന ബി.ജെ.പിയെ ആശങ്കയിലാക്കുന്നു.ബി.ജെ.പി ജില്ല അധ്യക്ഷൻ വി.വി. രാജേഷ് മത്സരിക്കുന്ന കൊടുങ്ങാനൂർ വാർഡിൽ സി.പി.എമ്മിനും കോൺഗ്രസിനും അപരന്മാരുണ്ട്.
ഇവിടെ സി.പി.എമ്മിന്റെ വി. സുകുമാരൻ നായർക്ക് അപരനായി അതേ പേരിൽ ‘ആപ്പിൾ’ ചിഹ്നത്തിൽ മത്സരിക്കുന്ന വി. സുകുമാരൻ നായരും ‘ടോർച്ച്’ ചിഹ്നത്തിൽ കെ. സുകുമാരൻ നായരും സ്ഥാനാർഥികളാണ്. കോൺഗ്രസ് സ്ഥാനാർഥി എസ്. രാധാകൃഷ്ണൻ നായർക്ക് ‘കാർ’ ചിഹ്നത്തിൽ മത്സരിക്കുന്ന എം.വി. രാധാകൃഷ്ണനാണ് തലവേദന.
ഉള്ളൂരിൽ ബി.ജെ.പി സ്ഥാനാർഥി എസ്. അനിൽകുമാറിനെ നേരിടാൻ റോസാപ്പൂ ചിഹ്നത്തിൽ എസ്. അനിൽകുമാറിനെ എതിരാളികൾ രംഗത്തിറക്കിയിട്ടുണ്ട്. ചന്തവിളയിൽ കോൺഗ്രസ് സ്ഥാനാർഥി സിമി എസ്. നായർക്ക് ‘ആപ്പിൾ’ ചിഹ്നത്തിൽ മത്സരിക്കുന്ന സിമി എസ്. നായരാണ് ഭീഷണി. പട്ടത്തെ സി.പി.ഐയുടെ സിറ്റിങ് സീറ്റ് പിടിക്കാനിറങ്ങിയിരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി സി. രേഷ്മക്ക് പാരയായി ‘ടോർച്ച്’ ചിഹ്നത്തിൽ മത്സരിക്കുന്ന എൽ. രേഷ്മയാണ്. പാതിരപ്പള്ളി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി എസ്.പി. സജികുമാറിന്റെ വോട്ടുചോർത്താൻ എസ്. സജികുമാർ കളത്തിലുണ്ട്. വാഴോട്ടുകോണത്ത് സി.പി.ഐയുടെ സി. ഷാജിക്ക് അപരൻ പി. ഷാജിയാണ്.
വട്ടിയൂർക്കാവിലും സി.പി.ഐക്ക് അപരന്റെ ഭീഷണിയുണ്ട്. ഇവിടെ എസ്. വിനുകുമാറിന് തലവേദനയായി ബി. വിനുകുമാറാണ് . പുതുതായി രൂപംകൊണ്ട കുഴിവിള വാർഡിൽ കോൺഗ്രസിനും ബി.ജെ.പിക്കും അപരന്മാരുണ്ട്. ഇവിടെ കൈപ്പത്തി അടയാളത്തിൽ മത്സരിക്കുന്ന അനിൽകുമാറിന് ‘ചെണ്ട’ അടയാളത്തിൽ മത്സരിക്കുന്ന അനിൽകുമാറും ബി.ജെ.പിയുടെ ബി. രാജേന്ദ്രന് ‘ബലൂൺ’ ചിഹ്നത്തിൽ മത്സരിക്കുന്ന ഡി. രാജേന്ദ്രനുമാണ് ഭീഷണി. അമ്പലത്തറ വാർഡിൽ സി.പി.ഐയുടെ എസ്. ഗീതാകുമാരിക്ക് അപരയായി പി. ഗീതാകുമാരിയുണ്ട്.
കരുമം വാർഡിൽ സി.പി.എമ്മിന്റെ സി. സിന്ധുവിനെ മലർത്തിയടിക്കാൻ ആർ. സിന്ധുവിനെ എതിരാളികൾ രംഗത്തിറക്കിയിട്ടുണ്ട്. ബി.ജെ.പി കണ്ണുവെക്കുന്ന വഞ്ചിയൂർ വാർഡിൽ താമര ചിഹ്നത്തിൽ മത്സരിക്കുന്ന എസ്. സുരേന്ദ്രൻനായർക്ക് അപരനായി റോസാപ്പൂ ചിഹ്നത്തിൽ സുരേന്ദ്രൻ നായർ രംഗത്തുണ്ട്. നഗരം ഭരിക്കാൻ ഒരോ വാർഡിലും സ്ഥാനാർഥികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോൾ വോട്ടിങ് മെഷീന് മുന്നിലെത്തുമ്പോൾ മാത്രം കാണുന്ന അപരന്മാർക്ക് എത്രവോട്ട് കിട്ടുമെന്നാണ് ഇനി അറിയേണ്ടത്.
കണ്ണമ്മൂല വാർഡിൽ അഞ്ച് രാധാകൃഷ്ണന്മാർ
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരരംഗത്ത് അഞ്ച് രാധാകൃഷ്ണന്മാർ. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പ്രസ് ക്ലബ് മുൻ സെക്രട്ടറി പാറ്റൂർ രാധാകൃഷ്ണൻ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പുതന്നെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് വാർഡിൽ പ്രചാരണം ആരംഭിച്ചിരുന്നു. മൊബൈൽ ഫോൺ ചിഹ്നത്തിലാണ് പാറ്റൂർ രാധാകൃഷ്ണൻ മത്സരിക്കുന്നത്. എസ്. രാധാകൃഷ്ണൻ, എ.എൽ. രാധാകൃഷ്ണൻ, രാധാകൃഷ്ണൻ നായർ, ആർ. രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് ‘രാധാകൃഷ്ണ’ന്മാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

