ലൈഫ് പദ്ധതി; പെൺകുട്ടികൾ മാത്രമുള്ള കുടുംബത്തിന് മുൻഗണന നൽകണം- മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: സ്വന്തമായി വീടില്ലാത്ത പെൺകുട്ടികൾ മാത്രമുള്ള നിർധന കുടുംബത്തിന് മുൻഗണന നൽകി വീട് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് വെള്ളറട ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കയച്ച കത്തിൽ അടിയന്തരമായി തീരുമാനമെടുക്കണമെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കാലതാമസം കൂടാതെ നടപടി സ്വീകരിക്കണമെന്ന് കമീഷൻ വെള്ളറട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകി. മണ്ണാംകോണം കള്ളിമൂട് റോഡരികത്ത് വീട്ടിൽ എസ്. സജിത സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പഞ്ചായത്ത് പട്ടികയിൽ പരാതിക്കാരി ഒന്നാം നമ്പറും ലൈഫ്മിഷൻ അന്തിമ പട്ടികയിൽ ക്രമനമ്പർ 47 ഉമാണ്. സ്ഥലപരിശോധനയിൽ പരാതിക്കാരി മുൻഗണനാ വിഭാഗത്തിൽ ഉൾപെടാൻ അർഹതയുള്ള വ്യക്തിയാണെന്ന് കണ്ടെത്തിയതായി വെള്ളറട പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. ഇതിൽ തുടർനടപടികൾ സ്വീകരിക്കേണ്ടത് ലൈഫ് മിഷനാണ്.