പൈപ്പ് ലൈനിൽ ചോർച്ച; ജലവിതരണം മുടങ്ങി
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ജല അതോറിറ്റിയുടെ പി.ടി.പി നഗർ ജല ശുദ്ധീകരണ ശാലയിലേക്കുള്ള കുണ്ടമൺകടവിൽ നിന്നുവരുന്ന പമ്പിങ് മെയിനിൽ ചോർച്ച. ഇവിടെ അടിയന്തര അറ്റകുറ്റപ്പണി ആരംഭിച്ചതോടെ നഗരത്തിലെ വലിയൊരു പ്രദേശത്ത് ബുധനാഴ്ച വൈകീട്ട് മൂന്നു മുതൽ ജലവിതരണം മുടങ്ങി. വ്യാഴാഴ്ച വൈകീട്ട് മൂന്നുവരെ ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അറിയിച്ചു.
തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി.ടി.പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം പൂർണമായും തടസ്സപ്പെട്ടത്.
ഉപഭോക്താക്കൾ ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിക്കേണ്ടതാണെന്ന് അതോറിറ്റി അറിയിച്ചു. അടിയന്തര അറ്റകുറ്റപ്പണി കണക്കിലെടുത്ത് നവംബർ മൂന്നിനും നാലിനും നടത്താനിരുന്ന പി.ടി.പി നഗറിലേയും പാറമലയിലേയും ഭൂതലജലസംഭരണികളുടെ ശുചീകരണം ഉൾപ്പെടെയുള്ള ജോലികൾ മറ്റൊരു ദിവസത്തേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ 1916 എന്നീ നമ്പറുകളിൽ ലഭിക്കും.
അതേസമയം അപ്രതീക്ഷിതമായി കുടിവെള്ളം പൂർണമായും നിലച്ചത് ജനങ്ങളെ വലച്ചു. വൈകിട്ട് മൂന്നിന് ജലവിതരണം തടസപ്പെട്ടതിന് പിന്നാലെയാണ് ജല അതോറിറ്റിയുടെ ഇതുസംബന്ധിച്ച അറിയിപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചത്. ഇതുമൂലം വെള്ളം ശേഖരിക്കാനോ ബദൽ ഒരുക്കങ്ങൾക്കോ ജനങ്ങൾക്ക് സമയം ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

