ഗീത ഐ.എ.എസ് അന്ന് ദമയന്തി... ഇന്ന് ശ്രീകൃഷ്ണൻ; പത്മനാഭന് മുന്നിൽ കഥകളിയാടാൻ ലാൻഡ് റവന്യൂ ജോയന്റ് കമീഷണർ എ. ഗീത
text_fieldsദമയന്തിയായി വേഷമിട്ട എ. ഗീത
തിരുവനന്തപുരം: പ്രണയാർദ്രയായ ദമയന്തിയായി കഥകളി അരങ്ങിൽ നിറഞ്ഞാടിയ ലാൻഡ് റവന്യൂ ജോയന്റ് കമീഷണർ എ. ഗീത വ്യാഴാഴ്ച വേദിയിലെത്തുക കൃഷ്ണനായി. പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തിന്റെ ഭാഗമായാണ് വൈകീട്ട് 7.30ന് ദുര്യോധനവധം കഥകളിയിൽ പച്ചവേഷമായ ശ്രീകൃഷ്ണനായി ഐ.എ.എസ് ഉദ്യോഗസ്ഥ എ. ഗീത അരങ്ങിലെത്തുക. പച്ചവേഷം കെട്ടുമ്പോൾ അത് ശ്രീകൃഷ്ണനായിരിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നതായും അങ്ങനെ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും എ. ഗീത ‘മാധ്യമ’ത്തോട് പറഞ്ഞു. കഥകളി തന്നെ ജീവിതമാക്കിയ കലാകാരൻമാർക്കൊപ്പം വേദി പങ്കിടുന്നതിന്റെ ആശങ്കയും മറച്ചുവെച്ചില്ല. ജോലിത്തിരക്കിനിടയിൽ വീണുകിട്ടുന്ന സമയത്ത് നടത്തുന്ന പരിശീലനമാണ് ആകെയുള്ള ധൈര്യം. പിന്നെ ഉറച്ച പിന്തുണയുമായി എല്ലാവരും ഒപ്പമുണ്ടെന്നത് ഒരു പിൻബലമാണെന്നും ഗീത പറയുന്നു. ജോലിത്തിരക്കിനും ഫയലുകൾക്കും ഇടവേള നൽകിയാണ് ഗീത ശ്രീകൃഷ്ണനായി അരങ്ങിലെത്തുന്നത്.
2022 ജനുവരിയിലാണ് വയനാട് കലക്ടറായിരുന്ന എ. ഗീത കഥകളിയിലേക്ക് എത്തിപ്പെടുന്നത്. കുട്ടിക്കാലം മുതൽ ഭരതനാട്യം അഭ്യസിച്ചിട്ടുണ്ടെങ്കിലും കഥകളി ഏറെ അന്യമായിരുന്നു. സഹപ്രവർത്തകയായ സുഭദ്രക്ക് ഒരു വേദിയൊരുക്കാനുള്ള തീരുമാനം ഗീതക്കും വഴിത്തിരിവാകുകയായിരുന്നു. അന്നുമുതൽ കോട്ടയ്ക്കൽ സി.എം. ഉണ്ണിക്കൃഷ്ണന്റെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ചു. ജോലിത്തിരക്കുകാരണം രാത്രി ഒമ്പതിന് ശേഷമാണ് കഥകളി പരിശീലനം നടത്തിയത്. 2022 മാർച്ചിൽ മാനന്തവാടിയിലെ വള്ളിയൂർക്കാവിൽ ആദ്യ അരങ്ങേറ്റം. തുടർന്ന് ഗുരുവായൂരിലും ദമയന്തിയായി നിറഞ്ഞാടി. വ്യാഴാഴ്ച പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ അരങ്ങേറുന്ന കഥകളിയിൽ ഗീതക്കൊപ്പം പാഞ്ചാലിയായി രതി സുധീറും ദുര്യോധനനായി രമ്യ കൃഷ്ണയും രൗദ്രഭീമനായി കോട്ടയ്ക്കൽ സി.എം. ഉണ്ണിക്കൃഷ്ണനും മുമുക്ഷുവായി കോട്ടയ്ക്കൽ ശ്രീയേഷും ദുശാസനനായി കോട്ടയ്ക്കൽ സുനിലും അരങ്ങിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

