കാട്ടാക്കട നഗരവികസനത്തിന് ഭൂമി ഏറ്റെടുക്കൽ 57 കോടി നഷ്ടപരിഹാരം വിതരണം തുടങ്ങി
text_fieldsകാട്ടാക്കട: നഗര വികസനം യാഥാർത്ഥ്യമാകുന്നു. ആദ്യഘട്ടം ഭൂമി വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാര വിതരണത്തിന്റെ ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു.
2020-21 ലെ സംസ്ഥാന ബജറ്റിലാണ് കാട്ടാക്കട വികസനത്തിന് ആവശ്യമായ തുക വകയിരുത്തിയത്. കുളത്തുമ്മൽ, വീരണകാവ്, പെരുംകുളം എന്നീ വില്ലേജുകളിലായി 95.2647 ആർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.
ഭൂമി ഏറ്റെടുക്കലിനായി ആവശ്യമായ 57.77 കോടി രൂപ സ്പെഷൽ തഹസിൽദാർക്ക് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ചു. മൊളിയൂർ മുതൽ കാട്ടാക്കട ക്രിസ്ത്യൻ കോളജ് വരെയുള്ള റോഡ് ആദ്യ റീച്ച്, കാട്ടാക്കട ജങ്ഷൻ മുതൽ മാർക്കറ്റ് ജങ്ഷൻ പെരുംകുളത്തൂർ റോഡ് വരെ രണ്ടാം റീച്ച്, മുളിയൂർ-പൂച്ചെടിവിള റോഡ്, കാട്ടാക്കട-പൂച്ചെടിവിള റോഡ്, ക്രിസ്ത്യൻ കോളജ്-മാർക്കറ്റ് റോഡ് എന്നീ മൂന്ന് ഇടറോഡുകൾ ചേർന്ന് മൂന്നാം റീച്ച് എന്നിങ്ങനെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒന്നാം ഘട്ടത്തിന്റെ ഭാഗമായി കാട്ടാക്കട-നെയ്യാർഡാം റോഡിന്റെ ഇരുവശത്തുനിന്ന് ഭൂമി വിട്ടുനൽകുന്നവർക്കുള്ള തുകയാണ് കൈമാറുന്നത്. റവന്യൂ മന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ ആവശ്യമായ സർവെയർമാരെയും ഇൻസ്പെക്ടർമാരെയും ജോലി ക്രമീകരണ വ്യവസ്ഥയിൽ നിയമിച്ചിരുന്നു.
കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുനിത അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ അനുകുമാരി മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

